പാലക്കാട് : സുസ്ഥിര വികസന മേഖലയിലെ കേരളത്തിൻ്റെ മാതൃകാപരമായ മുന്നേറ്റത്തിന് ആഗോള അംഗീകാരം. ഇറ്റലിയിലെ റോമിൽ സെപ്തംബർ 10, 11 തീയതികളിൽ നടക്കുന്ന 13-ാമത് ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റിൽ 'സുസ്ഥിര തൃത്താല' പദ്ധതി അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടു
കേരളത്തിന് അഭിമാനകരമായ ഈ നേട്ടത്തിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനും ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ ഐ.എ.എസിനുമാണ് പദ്ധതി വിശദീകരിക്കാൻ റോമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ സംയോജിതവും പങ്കാളിത്ത സ്വഭാവമുള്ളതുമായ ഒരു സുസ്ഥിര വികസന മാതൃക എന്ന നിലയിലാണ് 'സുസ്ഥിര തൃത്താല' ലോക കോൺഫറൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.പരിസ്ഥിതി സുസ്ഥിരത, സാമ്പത്തിക സുസ്ഥിരത, സാമൂഹിക-സാംസ്കാരിക സുസ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, ഊർജ്ജ സുരക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ അതത് മേഖലകളിലെ ആഗോള വിദഗ്ദ്ധരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. അതോടൊപ്പം, പ്രായോഗിക പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചുകൊണ്ട് സുസ്ഥിര വികസന അനുഭവങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദികൂടിയാണിത്.യൂറോപ്യൻ സെൻ്റർ ഫോർ സസ്റ്റൈനബിലിറ്റിയും കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായാണ് ഈ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ ഉൾപ്പെടെ വിവിധ സർവകലാശാലകളും ഈ സംരംഭത്തിൽ പങ്കാളികളാണ്.
സുസ്ഥിര തൃത്താല: പത്തിന കർമ്മപരിപാടികൾ2022-ലാണ് സുസ്ഥിര തൃത്താല പദ്ധതിയുടെ പത്തിന കർമ്മപരിപാടിക്ക് രൂപം നൽകിയത്. തൃത്താല മണ്ഡലത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും, പ്രദേശത്തെ തരിശുരഹിതവും മാലിന്യമുക്തവുമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കർമ്മപരിപാടികൾ ആവിഷ്കരിച്ചത്. പ്രധാനമായും താഴെപ്പറയുന്ന പത്ത് ഇനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്:
എല്ലാ വാർഡിലും പ്രത്യേക ഗ്രാമസഭകൾ ചേരുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുസ്ഥിര വികസന ക്ലബ്ബുകൾ രൂപീകരിക്കുക. കൃത്രിമ ഭൂജല പോഷണവും കിണർ റീചാർജിംഗും നടത്തുക. ജനകീയ മഴക്കൊയ്ത്ത് പദ്ധതി നടപ്പിലാക്കുക. ഒരു ലക്ഷം ഫലവൃക്ഷങ്ങളുടെ നടീൽ. പഞ്ചായത്തിൽ ഒരു മാതൃകാ ചെറു നീർത്തടം വികസിപ്പിക്കുക. പഞ്ചായത്തിൽ ഒരു ജൈവ വാർഡ് സ്ഥാപിക്കുക. പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സംരക്ഷണം ഉറപ്പാക്കുക.
മാലിന്യമുക്ത തൃത്താല ലക്ഷ്യം കൈവരിക്കുക. ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും പ്രോത്സാഹിപ്പിക്കുക. ഈ പദ്ധതിയുടെ വിജയം കേരളത്തിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.