പരസ്യങ്ങൾ ചതിക്കുഴികളാകാം വിദേശത്ത് നിരവധി ഒഴിവുകൾ എന്ന വാഗ്ദാനത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ നിരവധി..

ഹെൽസിങ്കി : സന്തോഷ രാജ്യങ്ങളിലെ തൊഴിൽ, പഠന അവസരങ്ങളുടെ ആകർഷകമായ പരസ്യങ്ങളുമായി സാമൂഹിക മാധ്യമങ്ങളും വ്ലോഗുകളും ഏജൻസികളും മത്സരിച്ചു  സജീവമായുണ്ട്.

ഫിന്നിഷ് ഭാഷാ പരിജ്ഞാനമില്ലാതെ മാസങ്ങൾക്കുള്ളിൽ കുടുംബത്തോടൊപ്പം ഫിൻലാൻഡിലേക്ക് പറക്കാമെന്നുള്ള തെറ്റായ തൊഴിൽ പരസ്യങ്ങളിൽ ആകൃഷ്ടരായി ചതിക്കുഴികളിൽ പെട്ടു പണം നഷ്ടപ്പെടുന്നവരുമുണ്ട്.

സാമ്പത്തിക മാന്ദ്യം മൂലം പല കമ്പനികളും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. തൊഴിൽ നഷ്ടപ്പെട്ടവരിൽ വർഷങ്ങളായി പ്രവർത്തി പരിചയമുള്ളവരുണ്ട്. പ്രാദേശിക ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നവരുണ്ട്. ഈ സാഹചര്യങ്ങളിലേക്കാണ് നാട്ടിൽ നിന്നും പഠനത്തിനും തൊഴിലുമായി യുവജനത കുടുംബവുമായി പ്രതീക്ഷയോടെ എത്തുന്നത്. 

ഉയർന്ന തൊഴിലില്ലായ്മ നിരക്ക് സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നിരിക്കുന്നു. ഇത് 2018 ജനുവരിക്ക് ശേഷമുള്ള ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ ഒഴിവുകൾ കുറഞ്ഞതും തൊഴിൽരഹിതരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ  ഫിൻലൻഡിൽ തൊഴിൽ കണ്ടെത്തുന്നത് പ്രയാസകരമായി മാറിയിരിക്കുകയാണ്. വിദേശികൾക്ക് ഈ അവസ്ഥ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡും റഷ്യ ഉക്രൈൻ യുദ്ധങ്ങളും യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും നിർമ്മാണ വ്യവസായത്തിന്റെ ദുർബലമായ അവസ്ഥയും തൊഴിലില്ലായ്‌മയുടെ കാരണങ്ങളാണ്.വിദ്യാർഥികൾ അറിയണം ഇവ താരതമ്യേനെ ജീവിതചെലവുകൾ ഏറിയ രാജ്യമാണിത്. ഇംഗ്ലീഷ് ഭാഷയിൽ ജോലി ലഭിക്കുന്നത് പ്രധാനമായും ഐടി മേഖലയിൽ മാത്രമാണ്. ഫിന്നിഷ് ഭാഷയുടെ അതിപ്രസരവും  ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്കും മൂലം പാർട്ട് ടൈം തൊഴിലുകൾ അധികം ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. 

അതിനാൽ പഠനകാലയളവിലെ മുഴുവൻ ചെലവുകളും സ്വന്തം പോക്കറ്റിൽ നിന്നും എടുക്കേണ്ടതുണ്ട്. നാട്ടിൽ നിന്നും ലഭിക്കുന്ന പണത്തിലാണ് പലരും തങ്ങളുടെ ജീവിത ചിലവുകൾ നടത്തുന്നത്.ചില സന്നദ്ധ സംഘടനകൾ നൽകുന്ന സൗജന്യ ഭക്ഷണത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇന്ത്യൻ യുവജനങ്ങളുമുണ്ട്. ‘ബി’ വിസയിൽ എത്തിപ്പെടുന്നവർക്കു പല ആനുകൂല്യങ്ങളും ലഭിക്കാറില്ല. പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ സേവനങ്ങൾ ലഭിക്കുന്നതിന് 'കേല' കാർഡ് നിർബന്ധമാണ്. രണ്ട് വർഷത്തിൽ താഴെയുള്ള കോഴ്സിന് ഈ ആനുകൂല്യങ്ങൾ പലപ്പോഴും ലഭിക്കാറില്ല. 

പഠനം ചെറിയ നഗരങ്ങളിലാണെങ്കിൽ, പ്രാരംഭദശയിൽ താരതമ്യേന പ്രയാസമേറും. പ്രത്യേകിച്ചും സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥി സമൂഹം ഇല്ലാത്തപക്ഷം, സൗഹൃദങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. വിദേശികളുമായുള്ള സൗഹൃദങ്ങളിൽ ആദ്യമൊക്കെ  അകലം കല്പിക്കുന്നവരാണ് തദ്ദേശീയർ. കഠിനമായ ശൈത്യവും പോളാർ രാത്രികളും തീവ്രമായ കാലാവസ്ഥയും ഏകാന്തതയിലേക്കും നിരാശയിലേക്കും നയിക്കുന്നു.ഒറ്റയ്ക്കുള്ള ജീവിതത്തിൽ വിഷാദരോഗങ്ങളിലും അകപ്പെടുന്നവരുണ്ട്.

ശീതകാലം പലപ്പോഴും മറ്റു പല രോഗങ്ങളും കൊണ്ടുവരാറുണ്ട്. വിദ്യാർഥികൾക്ക് ചിലപ്പോഴൊക്കെ പഠനം പൂർത്തിയാക്കാനാവാതെ നിരാശരായി തിരികെ പോകേണ്ടിയും വരാറുണ്ട്. പഠനം പൂർത്തിയാക്കിയവരിൽ ജോലി നേടാനാവാതെ വലയുന്നവരുമുണ്ട്.

ആരോഗ്യമേഖലയിൽ ശ്രദ്ധിക്കേണ്ടവ മലയാളി നഴ്സുമാർ എന്നും ലോകത്തിനു പ്രിയപ്പെട്ടവരാണ്. വൻകരകൾ താണ്ടി വിജയക്കൊടി പാറിച്ചവരാണവർ. ഇവർ നോർഡിക് രാജ്യങ്ങളിലെ അവസരങ്ങൾ തേടി പോകുന്നതും സ്വാഭാവികമാണ്. എന്നാൽ ചുവടെ പരാമർശിക്കുന്ന വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്. ആരോഗ്യരംഗത്തു ഫിന്നിഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നവർക്ക് മാത്രമാണ് തൊഴിൽ സാദ്ധ്യതകൾ. എ 2/ ബി 1 നിലവാരത്തിൽ പരീക്ഷയിൽ വിജയിക്കണം . രാജ്യത്തു ഫിന്നിഷ് ഭാഷ കൂടാതെ അഞ്ചു ശതമാനത്തിൽ താഴെ സ്വീഡിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്.

ഫിന്നിഷ്, സ്വീഡിഷ് എന്നിവ ഔദ്യോഗിക ഭാഷകളാണ് . വർഷങ്ങളായുള്ള നഴ്സിങ് പ്രവർത്തി പരിചമുണ്ടെങ്കിലും ഫിന്നിഷ് ഭാഷയിൽ വീണ്ടും ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ പഠിച്ചാൽ മാത്രമേ ഒരു റജിസ്റ്റേഡ് നഴ്സായി ഇവിടെ അംഗീകരിക്കുകയുള്ളു .പലരും ഏജൻസികളുടെ സഹായത്തിൽ നാട്ടിൽ നിന്നും ഭാഷ പഠിച്ചു ഇവിടെ എത്തി വൃദ്ധസദനങ്ങളിൽ ജോലി നോക്കുന്നുണ്ട് . അവരെ പരിചരിക്കാൻ മാത്രമേ അനുവാദമുള്ളൂ . ഒരു ഇൻജെക്ഷൻ കൊടുക്കുന്നതിനോ മരുന്ന് കൊടുക്കുവാനോ അനുവാദമില്ല.  നിർബന്ധമായും 'ലാഹിഹോയിതയ' ( Lahihoitaja) എന്ന പരീക്ഷ ഫിന്നിഷ് ഭാഷയിൽ എഴുതി വിജയിക്കണം . 

വൃദ്ധസദനങ്ങളിലെ ഈ ജോലിയോടൊപ്പം പഠനം തുടരാം . യൂണിവേഴ്സിറ്റി അനുസരിച്ചു ഒന്നോ അതിൽ കൂടുതലോ വർഷങ്ങൾ പഠിക്കേണ്ടി വരും. പലപ്പോഴും ഈ വൃദ്ധസദനങ്ങൾ വടക്കൻ ഫിൻലൻഡിലെ ഉൾപ്രദേശങ്ങളിൽ ആവാൻ സാധ്യതയുണ്ട് . ജനവാസം കുറവുള്ള ഇവിടങ്ങളിൽ സൂപ്പർമാർക്കറ്റുകൾ പലപ്പോഴും അകലെയാവും.ശൈത്യകാലത്തെ ഇരുട്ടിലും തണുപ്പിലുമൊക്കെ അവശ്യ സാധനങ്ങൾ വാങ്ങാൻ സ്വന്തമായി വാഹനമില്ലെങ്കിൽ ബുദ്ധിമുട്ടാണ് . വടക്കൻ മേഖലയിൽ പൊതു ഗതാഗത സൗകര്യങ്ങൾ കുറവായിരിക്കും . വൃദ്ധസദനങ്ങളിൽ നിന്നും അടുത്ത പടി കയറണമെങ്കിൽ  'സയിരാൻഹോയിതയ' (Sairaanhoitaja) എന്ന പരീക്ഷ വിജയിക്കണം.അതിനായി യൂണിവേഴ്സിറ്റികളിൽ പ്രത്യേകം അപേക്ഷിക്കണം. പരിമിതമായേ സീറ്റ് ഉണ്ടാവുകയുള്ളു. ഇന്റർവ്യൂവിൽ വിജയിച്ചാൽ മാത്രം പ്രവേശനം ലഭിക്കും. ഇവിടെയും വിജയിച്ചാൽ ആശുപത്രികളിൽ  നഴ്സ് ആകുവാനുള്ള അംഗീകാരം ലഭിക്കും.

പലർക്കും കുറഞ്ഞ ശമ്പളം കാരണം കുടുംബത്തെ കൂടെ കൂട്ടുവാൻ സാധിച്ചെന്നു വരില്ല. പങ്കാളിയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുറഞ്ഞ ശമ്പള പരിധിയുമുണ്ട് . താമസിക്കുന്ന പ്രദേശമനുസരിച്ചു ഇതിൽ മാറ്റമുണ്ട്. ഉദാഹരണത്തിന് ഹെൽസിങ്കി ഉൾപ്പെടുന്ന തലസ്ഥാന നഗരിയിൽ ജീവിത ചെലവ് കൂടുതൽ ആയതിനാൽ ശമ്പളപരിധിയും കൂടുതലാണ് . എന്നാൽ വടക്കൻ ലാപ്ലാൻഡിൽ ഇത് കുറവുമായിരിക്കും.  2200 മുതൽ 2400 യൂറോ വരെയാണ് തെക്കൻ ഹെൽസിങ്കി മേഖലയയിലെ ശമ്പളമെങ്കിൽ 2100 -2300 പരിധിയിലാവും വടക്കൻ മേഖലകളിലെ ശമ്പളം. 

ടാക്സിനു ശേഷം ഏകദേശം 1700 യൂറോ ശമ്പളം പ്രതീക്ഷിക്കാം. വീട്ടു വാടകയും ഉയർന്ന ജീവിതചെലവുകളും ഇതിൽ നിന്നും കണ്ടെത്തേണ്ടതുണ്ട് .സ്വന്തമായി വീട് വാടകയ്ക്ക്.എടുക്കണമെങ്കിൽ ഹെൽസിങ്കി മേഖലയിൽ കുറഞ്ഞതു 1000 യൂറോ വരെ വേണ്ടിവരും. പങ്കാളികൾ എത്തിയാൽ തന്നെ ജോലി കണ്ടുപിടിക്കുന്നതും മറ്റൊരു കടമ്പയാണ്. ഭാഷയുടെ ആവശ്യകതയും ഇവിടുത്തെ തൊഴിലില്ലായ്മ നിരക്കും പ്രതികൂല ഘടകങ്ങളാണ് ഇവിടുത്തെ നഗരങ്ങളിൽ, നഴ്സിങ് അവസരങ്ങൾ തുറന്നിടുമ്പോൾ അവിടെ എത്തുന്ന നഴ്സിന്റെ കുടുംബത്തിനും വേണ്ട ജീവിത സാഹചര്യങ്ങൾ ഉണ്ടെന്നു സിറ്റി കൗൺസിലിന് ഉറപ്പുവരുത്തേണ്ടതുണ്ട്.

മാറുന്ന സമ്പദ് വ്യവസ്ഥ അനുസരിച്ചു ചില സാഹചര്യങ്ങളിൽ ഓപ്പൺ ആക്കിയ നഴ്സിങ് അവസരങ്ങൾ തുടരാനാവാതെ സിറ്റികൾ എടുത്തുമാറ്റാറുമുണ്ട്. ഈ സാഹചര്യത്തിൽ ഏജൻസികളുടെ കീഴിൽ നാട്ടിൽ നിന്നും ഫിന്നിഷ് ഭാഷ പഠിച്ചു വിജയിച്ചതിനു ശേഷം ഇവിടെ എത്തിപ്പെടാൻ സാധിക്കാതെ നിൽക്കുന്നവരുമുണ്ട്. എന്നാൽ 2040 ഓടെ 31000 നഴ്സുമാരെ ആവശ്യമുണ്ടെന്ന വാർത്തയും കഴിഞ്ഞ ദിവസം വായിച്ചിരുന്നു  ∙ നിയമങ്ങൾ കർശനമാക്കി സർക്കാർ സ്ഥിര താമസ പെർമിറ്റ്, പൗരത്വ  നിയമങ്ങൾ കർശനമാക്കാനും  ഫിന്നിഷ് സർക്കാർ ലക്ഷ്യമിടുന്നു. പൗരത്വം ലഭിക്കുന്നതിന് എട്ടു വര്ഷമെടുക്കും. പഴയ നിയമ പ്രകാരം അഞ്ചു വർഷമായിരുന്നു.  ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷയിൽ മതിയായ വൈദഗ്ധ്യവും കൂടാതെ ഭാവിയിൽ  പുതിയ പൗരത്വപരീക്ഷയും വിജയിക്കേണ്ടതായുണ്ട്.

സ്ഥിര താമസ പെർമിറ്റ്  ലഭിക്കുന്നതിന് നിലവിൽ  തുടർച്ചയായി നാല് വർഷമെന്നുള്ളത്  ഇനിമുതൽ തുടർച്ചയായി  ആറ് വർഷം രാജ്യത്തു താമസിക്കേണ്ടതായി വന്നേക്കും.പുതിയ നിയമ പ്രകാരം തൊഴിൽ അധിഷ്ഠിത താമസ പെർമിറ്റ് കൈവശമുള്ള വിദേശികൾക്ക്  തൊഴിൽ നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ മൂന്ന് മാസത്തെ സമയം ലഭിക്കും. ഈ സമയപരിധിക്കുള്ളിൽ പുതിയ തൊഴിൽ നേടുന്നതിൽ പരാജയപ്പെടുകയും ഫിൻ‌ലാൻഡിൽ തുടരാൻ മറ്റ് സാധുവായ കാരണങ്ങളുമില്ലെങ്കിൽ, അവരുടെ റസിഡൻസ് പെർമിറ്റ് റദ്ദാക്കപ്പെടാം. ഇതുകൂടാതെ യൂറോപ്യൻ യൂണിയനും യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്കും പുറത്തുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസും  അപേക്ഷാ ഫീസും അവതരിപ്പിക്കുവാൻ സർക്കാർ തയാറെടുക്കുകയാണ്.

ഫിന്നിഷ് , സ്വീഡിഷ് ഭാഷകൾ ഒഴികെയുള്ള ഭാഷകളിലെ  ഡിഗ്രി പ്രോഗ്രാമുകൾക്ക് ഈ പുതിയ നിയമങ്ങൾ ബാധകമാകും.   എങ്ങനെയെങ്കിലും വിദേശങ്ങളിൽ എത്തിപ്പെടണമെന്ന  യുവജനതയുടെ  ആഗ്രഹങ്ങളെ ചില  ഏജൻസികൾ  മുതലെടുക്കുന്നുണ്ട്  വിവരങ്ങൾക്ക് വിരൽത്തുമ്പിലുള്ള  ഇന്നത്തെ ലോകത്ത് പഠനത്തിനോ തൊഴിലിനോ ഈ രാജ്യങ്ങളിലേക്ക് പറക്കുന്നതിനു മുൻപേ സ്വന്തമായി ഹോംവർക്കുകൾ ചെയ്താൽ  ദുഖിക്കേണ്ട . ഈ രാജ്യങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരുമായോ  വിശ്വാസയോഗ്യമായവരുമായോ  ബന്ധപ്പെടുവാനും  സ്ഥിതിഗതികൾ വിശദമായി ബോധ്യമായതിനു   ശേഷം തീരുമാനങ്ങൾ എടുക്കുവാനുമുള്ള പക്വത കാണിക്കണം. 

സന്തോഷ രാജ്യങ്ങളിലെ കാലാവസ്ഥയും സാമൂഹിക  ജീവിതവും തൊഴിലിനു പ്രാദേശിക ഭാഷകളുടെ സ്വീകാര്യതയും മുൻകൂട്ടി ബോധ്യപ്പെട്ടതിന്  ശേഷം വണ്ടികയറിയാൽ നിരാശരായി മടങ്ങേണ്ടി  വരില്ല. അടുത്ത  ഒരു വർഷത്തിന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും തൊഴിലില്ലായ്മ നിരക്കിൽ പുരോഗതിയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !