തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച നാളത്തെ സൂചന പണിമുടക്ക് പരമാവധി മുതലെടുക്കാന്‍ കെഎസ്ആര്‍ടിസി.
ലഭ്യമായ മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കി നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഔദ്യോഗിക നിര്‍ദേശം നല്‍കി. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ തിരക്ക് കണക്കിലെടുത്തു സര്‍വീസുകള്‍ ക്രമീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അധിക ഷെഡ്യൂളുകളോ ട്രിപ്പുകളോ ക്രമീകരിക്കാം.ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അനാവശ്യ അവധികളും നാളെ നിയന്ത്രിക്കണം. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍മാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും ബസ് പരിശോധന ഉറപ്പാക്കണം. പരമാവധി വരുമാനം കണ്ടെത്താന്‍ കഴിയുന്ന തരത്തിലാകണം സര്‍വീസുകളുടെ വിന്യാസം. ക്രമസമാധാന പ്രശ്‌നം നേരിട്ടാല്‍ ഉടന്‍ പൊലീസിനെ ബന്ധപ്പെടാനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ വിശദീകരിക്കുന്നു.
ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ചീഫ് ട്രാഫിക് ഓഫിസര്‍, ചീഫ് ഓഫിസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ്, സമയബന്ധിതമായ പെര്‍മിറ്റ് പുതുക്കല്‍, തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ചട്ടം പിന്‍വലിക്കുക, വിലയേറിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശം പിന്‍വലിക്കുക, അനധികൃതമായി പിഴ ഈടാക്കുന്ന നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ നാളെ സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.
140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ല. ഇതുകാരണം ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി സമരസമിതി നേതാക്കള്‍ പറയുന്നു. കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണമെന്ന ആവശ്യവുമുണ്ട്. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കേണ്ടതുമുണ്ട്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.നാളെ സൂചനാ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തുടര്‍ചര്‍ച്ചകളില്‍ പരിഹാരമില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സംയുക്ത സമരസമിതി പ്രതിനിധി ടി ഗോപിനാഥന്‍ അറിയിച്ചു.
അതിനു മുന്‍പ് പ്രശ്‌നം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ. ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. അതേസമയം സ്വകാര്യ ബസ് സര്‍വീസുകളെ വ്യാപകമായി ആശ്രയിക്കുന്ന വടക്കന്‍ കേരളത്തിലെ ജനങ്ങളെ നാളത്തെ പണിമുടക്ക് വ്യാപകമായി ബാധിക്കാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.