നിരവധി കാമുകിമാർ, അവിഹിത ബന്ധത്തിൽ കുട്ടികൾ, ഷാവോലിന്‍ ടെമ്പിൾ മഠാധിപതിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ബെയ്ജിങ്: ചൈനയിലെ ഏറ്റവും പ്രശസ്തമായ മത-സാംസ്‌കാരിക കേന്ദ്രമാണ് ഷാവോലിന്‍ ക്ഷേത്രം. ചൈനയുടെ ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നുതന്നെ പറയാം.

1,500 വര്‍ഷം പഴക്കമുള്ള ഷാവോലിന്‍ ക്ഷേത്രത്തിന്റെ നിലവിലെ അധിപനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനയിലെ ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍. ആശ്രമത്തെ ഒരു ആഗോള വാണിജ്യ ബ്രാന്‍ഡാക്കി മാറ്റിയതിന്റെ പേരില്‍ 'സിഇഒ സന്യാസി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷി യോങ്സിന്‍ (59) എന്ന സന്യാസിക്കെതിരെ ലൈംഗികാപവാദം മുതല്‍ സാമ്പത്തിക തിരിമറി വരെയുള്ള കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ ഷിയെ ചുറ്റിപ്പറ്റി വര്‍ഷങ്ങളായി നിരവധി വിവാദങ്ങള്‍ നിലവിലുണ്ട്. ബുദ്ധമത നിയമങ്ങളുടെ ലംഘനം, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ കൂടാതെ, ഒട്ടേറെ സ്ത്രീകളുമായി ദീര്‍ഘകാലമായി ഷി 'അവിഹിത ബന്ധങ്ങള്‍' പുലര്‍ത്തിപ്പോരുന്നു എന്നുമാണ് ആരോപണം. 

ക്ഷേത്രത്തിനായുള്ള പ്രോജക്റ്റ് ഫണ്ടുകള്‍ വകമാറ്റുകയും, ദുരുപയോഗം ചെയ്യുകയും, ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്തതായും, ഈ പ്രവർത്തികളിലെല്ലാം ഷിയെ സംശയിക്കുന്നതായും ക്ഷേത്രത്തിന്റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബുദ്ധമതത്തില്‍ സന്യാസികള്‍ക്ക് ബ്രഹ്‌മചര്യവ്രതം നിര്‍ബന്ധമാണ്. ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുക മാത്രമല്ല, അവരിലെല്ലാം കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ഷി ജന്മം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നിലധികം വകുപ്പുകളുടെ സംയുക്ത അന്വേഷണമാണ് ഇപ്പോള്‍ ഷിക്കെതിരെ നടക്കുന്നത്. 

അതേസമയം, ഷിയുടെ സന്യാസ പദവിക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്ന രേഖ റദ്ദാക്കിയതായി ചൈനയിലെ ബുദ്ധമത അസോസിയേഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഷിയുടെ സന്യാസപട്ടം റദ്ദാക്കിയതായുള്ള ഈ വാര്‍ത്ത അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു.'ഷി യോങ്സിന്റെ പ്രവൃത്തികള്‍ അങ്ങേയറ്റം നിന്ദ്യമാണ്. ഇത് ബുദ്ധമത സമൂഹത്തിന്റെ പ്രശസ്തിക്ക് ഗുരുതരമായി കളങ്കം ചാര്‍ത്തുകയും സന്യാസിമാരുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുകയും ചെയ്യുന്നു. 

ഷിക്കെതിരായ കേസ് നിയമപ്രകാരം കൈകാര്യം ചെയ്യാനുള്ള തീരുമാനത്തെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു' എന്നാണ് ഷിയുടെ പേരില്‍ ആരോപിക്കപ്പെട്ട പ്രവൃത്തികളെ അപലപിച്ചുകൊണ്ട് അസോസിയേഷന്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. അതേസമയം, ഈ ആരോപണങ്ങളോടൊന്നും ഷി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വടക്കന്‍ ഹെനാനിലെ ഒരു നഗരമായ സിന്‍സിയാങ്ങില്‍വെച്ച് ഷിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, ദിവസേന പോസ്റ്റുകള്‍ വന്നിരുന്ന, 870,000-ല്‍ അധികം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ വെയ്ബോ അക്കൗണ്ട് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിശ്ചലമാണ്. 

അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ വര്‍ധിക്കുകയാണ്. തന്റെ കാമുകിമാരും കുട്ടികളുമായി ഷി അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നുവരെ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികൃതര്‍ തള്ളിക്കളഞ്ഞു.ചൈനയിലെ ഏറ്റവും പ്രശസ്തരായ സന്യാസിമാരില്‍ ഒരാളാണ് ഷി യോങ്സിന്‍. 1965-ല്‍ അന്‍ഹുയി പ്രവിശ്യയിലെ യിങ്ഷാങ്ങില്‍ ജനിച്ച ഷിയുടെ യഥാര്‍ത്ഥ പേര് ലിയു യിങ്ചെങ് എന്നാണ്. 

1981-ലാണ് അദ്ദേഹം ആദ്യമായി ഷാവോലിന്‍ ക്ഷേത്രത്തില്‍ എത്തുന്നത്. ക്ഷേത്രത്തിന്റെ 29-ാം തലമുറയിലെ അധിപനായ ഷി സിങ്ഷെങ്ങിന്റെ ശിഷ്യനായി. 1987-ല്‍ ഗുരുവിന്റെ മരണശേഷം ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. 1999-ഓടെ, അദ്ദേഹം ഔദ്യോഗികമായി ക്ഷേത്രത്തിന്റെ അധിപനായി നിയമിതനായി.

ഹെനാന്‍ പ്രവിശ്യയിലെ സോങ്ഷാന്‍ പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ഷാവോലിന്‍ ക്ഷേത്രം ഒരു ആരാധനാലയം മാത്രമല്ല, ചാന്‍ (സെന്‍) ബുദ്ധമതത്തിന്റെയും ഷാവോലിന്‍ കുങ് ഫൂവിന്റെയും ജന്മസ്ഥലം കൂടിയാണ്. യുനെസ്‌കോയുടെ ലോക പൈതൃകകേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഇന്നോളമുള്ള അധിപന്മാരില്‍ എംബിഎ ബിരുദം നേടിയിട്ടുള്ള ആദ്യത്തെ ആളാണ് ഷി. 

ഈ യോഗ്യത പിന്നീട് ക്ഷേത്രനടത്തിപ്പിലുള്ള അദ്ദേഹത്തിന്റെ സമീപനത്തെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഷാവോലിന്‍, ചരിത്രപരമായ ഒരു ആശ്രമം എന്നതില്‍നിന്നും ഒരു ലോകോത്തര ബ്രാന്‍ഡ് എന്ന ഖ്യാതി നേടി.സിനിമകള്‍, കാര്‍ട്ടൂണുകള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനായി അദ്ദേഹം ഷാവോലിന്‍ എന്ന പേരിന് ലൈസന്‍സ് നല്‍കി. ഇതുകൂടാതെ റിയല്‍ എസ്റ്റേറ്റ്, പ്രസിദ്ധീകരണം, പരമ്പരാഗത വൈദ്യം, ആഗോള ടൂറിസം എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസ് ശൃംഖലയും കെട്ടിപ്പടുത്തു. 

അങ്ങനെ, ആശ്രമത്തെ ഒരു ആഗോള വാണിജ്യ ബ്രാന്‍ഡാക്കി മാറ്റിയതിന്റെ പേരിലാണ് ഷി 'സിഇഒ സന്യാസി' എന്ന് വിശേഷിപ്പിക്കപ്പെട്ട് തുടങ്ങിയത്. ആശ്രമത്തെ ആധുനികവല്‍ക്കരിക്കാനുള്ള ഈ ശ്രമം അദ്ദേഹത്തെ ലോകത്തിന്റെ കണ്ണില്‍ ഒരു പ്രമുഖ വ്യക്തിയാക്കി മാറ്റി എന്നതിനൊപ്പം തന്നെ വിമര്‍ശനങ്ങള്‍ക്കും പാത്രമാക്കി.

ക്ഷേത്രത്തിന്റെ പവിത്രമായ പൈതൃകത്തെ വാണിജ്യവല്‍ക്കരിക്കുന്നു എന്നാണ് ഷി നേരിട്ട പ്രധാന വിമര്‍ശനം. മിക്കപ്പോഴും വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, കയ്യില്‍ ഒരു ഐഫോണുമായി എലിസബത്ത് രാജ്ഞി II, നെല്‍സണ്‍ മണ്ടേല, ഹെന്റി കിസിംഗര്‍, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഫോട്ടോകളിലും വാര്‍ത്തകളിലും ഷി പ്രത്യക്ഷപ്പെട്ടു. 

ഇതെല്ലാം, 'സിഇഒ സന്യാസി' എന്ന പേരില്‍ ഷിയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. സന്യാസിമാരും പൗരന്മാരാണെന്നും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ലഭിക്കുന്ന പാരിതോഷികങ്ങള്‍ വേണ്ടായെന്ന് വെക്കേണ്ടതില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !