ടെക്സസ് :ഒറ്റ രാത്രി കൊണ്ട് സർവ്വനാശം വിതച്ച ടെക്സസ് പ്രളയം സൃഷ്ടിച്ച തീരാനോവിനിടയിലും കാണാതായ ഉറ്റവർക്കായി രക്ഷാപ്രവർത്തകർക്കൊപ്പം തിരച്ചിലിൽ സജീവമാവുകയാണ് കുടുംബാംഗങ്ങളും.
കാണാതായവർക്കായി പ്രാർഥനയും പ്രതീക്ഷയുമായി നിറകണ്ണുകളോടെയാണ് ഉറ്റവർ. പ്രളയത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടവർ ഹൃദയം നുറുങ്ങുന്ന വേദനയോടെ, അശുഭകരമായതൊന്നും കേൾക്കരുതേയെന്ന പ്രാർഥനയോടെയാണ് കാണാതായ ബന്ധുക്കളുടെ തിരിച്ചുവരവും കാത്തിരിക്കുന്നത്.28 കുട്ടികൾ ഉൾപ്പെടെ 81 പേരാണ് ഇതുവരെ മരണമടഞ്ഞത്.കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 41 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മാതാപിതാക്കളെ, കുട്ടികളെ, ഭർത്താവിനെ, ഭാര്യയെ, ബന്ധുക്കളെ മാത്രമല്ല വീടും വാഹനങ്ങളും സമ്പാദ്യങ്ങളും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളും ഒക്കെയായി നഷ്ടങ്ങളുടെ വലിയ പട്ടികയാണ് പ്രളയം ബാക്കിവെച്ചത്. നൂറുകണക്കിനാളുകൾക്ക് ഒറ്റ രാത്രി കൊണ്ട് ഒറ്റപ്പെടലും അനാഥത്വവും തീരാവേദനയും സമ്മാനിച്ച് ജീവിതം തന്നെ നഷ്ടപ്പെടുത്തിയാണ് പ്രളയം കടന്നു പോയത്.
ഒഴുകി പോയത് കുടുംബത്തിലെ 5 പേർ ഓസ്റ്റിനിലെ 28 കാരിയായ അധ്യാപിക ഹെയ്ലെ ചാവരിയ കുടുംബത്തിലെ 5 പേർക്കായുള്ള കാത്തിരിപ്പിലാണ്. മിഡ്ലാൻഡിലായിരുന്ന ഹെയ്ലയുടെ കുടുംബം ഒരുമിച്ച് ചേർന്ന് അവധിക്കാല ക്യാംപിങ്ങിൽ ആഘോഷത്തിലായിരുന്ന സമയത്താണ് കനത്ത മഴയിൽ ഗ്വാഡലൂപ് നദിയിൽ ജലനിരപ്പ് ഉയർന്ന് പ്രളയമെത്തിയത്.
ഹെയ്ലയുടെ ആറംഗ കുടുംബത്തിൽ അമ്മ, ഭർത്താവിന്റെ അമ്മ, ആന്റി, ആന്റിയുടെ ഭർത്താവ്, ബന്ധു എന്നിവരുൾപ്പെടെ 5 പേരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരിൽ ബന്ധുവായ 22 കാരിയായ ഡെവിൻ സ്മിത്ത് മാത്രമാണ് രക്ഷപ്പെട്ടത്. 3 അണക്കെട്ടുകൾക്കിടയിലൂടെ 15 മൈൽ ദൂരത്തേക്കാണ് പ്രളയം ഒഴുക്കി കൊണ്ടുപോയതെങ്കിലും മരത്തിൽ പറ്റിപിടിച്ചു കിടന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞു.
ശരീരത്തിലുടനീളം പരുക്കുകളോടെ ആശുപത്രിയിലാണ് ഡെവിൻ ഇപ്പോൾ.മരണം വരിച്ചത് കുടുംബത്തെ രക്ഷിച്ച ശേഷം 27കാരനും 2 മക്കളുടെ പിതാവുമായ ജൂലിയൻ റയാൻ മരണം വരിച്ചത് തന്റെ കുടുംബത്തെ മുഴുവനും പ്രളയത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ചിട്ടാണ്. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് റയാന്റെ കിടപ്പുമുറിയിലേക്ക് വെളളം കുതിച്ചെത്തിയത്.
ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് വേഗത്തിൽ വലിയ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് അമ്മയേയും പ്രതിശ്രുത വധുവിനെയും ആറും 13 മാസവും പ്രായമുള്ള കുട്ടികളെയും പുറത്തെത്തിച്ചു. കൂർത്ത ഗ്ലാസുകൾ കൊണ്ട് റയാന്റെ കൈകൾ പൂർണമായും മുറിയുകയും വലിയ തോതിൽ രക്തം നഷ്ടപ്പെടുകയും ചെയ്തതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അബോധാവസ്ഥയിലായ റയാനെ രക്ഷിക്കാനായി എമർജൻസി നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് കുടുംബം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.