ബെംഗളൂരു :എ ആൻഡ് എ ചിറ്റ്സ് ആൻഡ് ഫിനാൻസ് തട്ടിപ്പിൽ പ്രതികളായ മലയാളി ദമ്പതികൾക്കെതിരെ നിക്ഷേപകർ രംഗത്ത്. ടോമി.എ.വർഗീസ്, ഷിനി ടോമി എന്നിവർക്കെതിരെയാണ് വ്യാപകമായ പരാതികൾ ഉയരുന്നത്.
സ്ഥാപനത്തിന്മേൽ വിശ്വാസം വളർത്തുന്നതിനും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമായി സുഹൃദ് ബന്ധങ്ങൾ ഇവർ ഉപയോഗിച്ചിരുന്നതായാണ് സൂചന. ടോമിയും ഷിനിയും മതപരമായ ഒത്തുചേരലുകളിലും ഉത്സവങ്ങളിലും സജീവമായി പങ്കെടുക്കുകയും എ ആൻഡ് എ ചിറ്റ്സ് ആൻഡ് ഫിനാൻസ് എന്ന കമ്പനിയുടെ സ്പോൺസർഷിപ്പ് ഈ പരിപാടികളിൽ ഉറപ്പാക്കിയിരുന്നതായും നിക്ഷേപകർ പറയുന്നു.കോട്ടയം പേരൂർ സ്വദേശി നൽകിയ പരാതിയിലാണ് ദമ്പതികൾക്കെതിരെ ആദ്യമായി ആരോപണം ഉയർന്നത്. പിന്നാലെ നിരവധി പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തി. തിങ്കളാഴ്ച വരെ 289 നിക്ഷേപകരാണ് ബെംഗളൂരു രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതികളുമായി എത്തിയത്. സ്ഥാപനത്തിലെ ആകെ നിക്ഷേപം 100 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
വഞ്ചിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ചില നിക്ഷേപകരോട് ഓൺമനോരമ പ്രതിനിധി സംസാരിച്ചിരുന്നു. സ്ഥാപനത്തിൽ ആരും നേരിട്ട് നിക്ഷേപം നടത്തിയിരുന്നില്ലെന്നും എന്നാൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ വഴിയാണ് ദമ്പതികളെ പരിചയപ്പെട്ടതെന്നുമാണ് നിക്ഷേപകർ പറയുന്നത്.
‘‘12-13% റിട്ടേൺ ആണ് അവർ വാഗ്ദാനം ചെയ്തത്. അത് നല്ലതായി തോന്നിയിരുന്നു. ഉടൻ തന്നെ പലിശയും തന്നതോടെ വിശ്വാസം നേടിയെടുത്തു. അതിനാൽ ഞാൻ എന്റെ മകളോടും മകനോടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. മറ്റൊരു സുഹൃത്തും അദ്ദേഹത്തിന്റെ സമ്പാദ്യം കമ്പനിയിൽ നിക്ഷേപിച്ചു.’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പരാതിക്കാരൻ പറഞ്ഞു.
മൂന്നു മാസം മുൻപ് ഒരു നിക്ഷേപകൻ ടോമിയെ കാണുകയും ജൂലൈയിൽ അത്യാവശ്യമായി നിക്ഷേപിച്ച തുക തിരികെ വേണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ദമ്പതികളെ കാണാനില്ല. ഇരുവരും പതിവായി ഓഫിസിൽ വരുമായിരുന്നു, ഞങ്ങൾ ജീവനക്കാരോട് ചോദിച്ചപ്പോൾ ടോമി, ഷിനി എന്നിവരെ കുറിച്ച് ഒരു വിവരവുമില്ല എന്നായിരുന്നു. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.’’ – കേരളത്തിൽ നിന്നുള്ള ഒരു നിക്ഷേപകൻ പറഞ്ഞു.ഒരു ലക്ഷം മുതൽ 4.5 കോടി രൂപ വരെ എ ആൻഡ് എ ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിയിൽ നിക്ഷേപിച്ചവർ ഉണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള മലയാളികളുടെ കൂട്ടായ്മകളിൽ സ്ഥിര സാന്നിധ്യമായിരുന്നു ടോമിയെന്നാണ് നിക്ഷേപകർ പറയുന്നത്. ആകർഷകമായ പലിശ നിരക്ക് ആയിരുന്നു ദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നത്. അത് സ്വാഭാവികമായും വിശ്വാസ്യത നേടിയെടുക്കാൻ കാരണമായി.’’ – നിക്ഷേപകൻ പറഞ്ഞു. ചിട്ടികളിൽ ചേരുന്നതിനായി വീടുതോറുമുള്ള സന്ദർശനങ്ങളും ദമ്പതികൾ നടത്തിയിരുന്നതായാണ് നിക്ഷേപകർ പറയുന്നത്. ബിസിനസ് വളർന്നപ്പോൾ, മംഗളൂരുവിലും ഓഫിസ് ആരംഭിച്ചു.
വൈകാതെ കമ്പനിക്കായി അവർ ഒരു വെബ്‌സൈറ്റും തുടങ്ങി. ₹5000 മുതൽ ₹20,000 വരെയുള്ള തുകകൾക്ക് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയിൽ ദമ്പതികൾ ചിട്ടികൾ വാഗ്ദാനം ചെയ്തു. ആർബിഐ നിയന്ത്രണങ്ങൾ അനുസരിച്ചാണെന്നും ലേല തീയതി മുതൽ 30 ദിവസത്തിനുശേഷം സമ്മാനത്തുക പുറത്തിറക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് പല പദ്ധതികളും അവതരിപ്പിച്ചത്. പല നിക്ഷേപകരോടും കാലാവധി പൂർത്തിയാകുന്നതോടെ മറ്റൊരു നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാൻ ദമ്പതികൾ ആവശ്യപ്പെടുമായിരുന്നു.
പുതിയ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശയും ഇവർ വാഗ്ദാനം ചെയ്തിരുന്നതായി നിക്ഷേപകർ പറയുന്നു. ചിറ്റ്‌സ് റജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതിനാലും ഓരോ ചിട്ടികളുടെയും ആകെ മൂല്യം ചിറ്റ്സ് റജിസ്ട്രാറിൽ നിക്ഷേപിച്ചതിനാലും പണം സുരക്ഷിതമാണെന്നും അവർ അവകാശപ്പെട്ടിരുന്നതായാണ് നിക്ഷേപകർ പറയുന്നത്.
25 വർഷം മുൻപാണ് ടോമിയുടെ കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറിയിയതെന്നാണ് ടോമിയുടെ സ്വദേശമായ ആലപ്പുഴ ജില്ലയിലെ രാമങ്കരിയിലെ താമസക്കാർ പറയുന്നത്. രാമങ്കരിയിൽ വളരെ അപൂർവമായി മാത്രമേ അവർ വന്നിരുന്നുള്ളൂ. ടോമിയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ എസി റോഡിനോട് ചേർന്ന് വീടുണ്ടെങ്കിലും അത് ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.
അതേസമയം, നിക്ഷേപകരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ബെംഗളൂരു സിറ്റി ഈസ്റ്റ് ഡിസിപി ഡി.ദേവരാജ പറഞ്ഞത്. ‘‘നിക്ഷേപകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഞങ്ങൾ ഒരു യോഗം വിളിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ യഥാർഥ വ്യാപ്തി പിന്നീട് മാത്രമേ വ്യക്തമാകൂ.’’ – അദ്ദേഹം ഓൺമനോരമയോട് പറഞ്ഞു. ദമ്പതികൾ കെആർ പുരത്തെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്.
ഒരു നിക്ഷേപകൻ അവിടെ പോയപ്പോൾ, അപ്പാർട്ട്മെന്റ് വിൽപ്പന നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇക്കാര്യം ഓൺമനോരമയ്ക്ക് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ദമ്പതികളുടെ മകൾ ബെംഗളൂരുവിൽ തന്നെയാണ് താമസിക്കുന്നത്. ഒരു മകൻ ഗോവയിലും മറ്റൊരാൾ കാനഡയിലുമാണെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.