ന്യൂഡൽഹി: യുപിയിലെ ഝാൻസിയിൽ ട്രെയിൻയാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയുടെ പ്രസവമെടുത്ത് സൈനിക ഡോക്ടർ. ഒരു ചെറുകത്തിയും ഹെയർക്ലിപ്പും ഉപയോഗിച്ചാണ് ഡോക്ടർ പ്രസവനടപടികൾ നടത്തിയത്.
ശനിയാഴ്ച പൻവേൽ-ഗൊരഖ്പുർ എക്സ്‌പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതിക്കാണ് പ്രസവവേദന അനുഭവപ്പെട്ടത്. അതോടെ ഝാൻസി സ്റ്റേഷനിൽ ഇറങ്ങി. അവിടെ ഹൈദരാബാദിലേക്ക് പോകാൻ മറ്റൊരു ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന സൈന്യത്തിലെ മെഡിക്കൽ ഓഫീസർ മേജർ ഡോ. രോഹിത് ബച്ച്‍വാല (31) ആണ് സന്ദർഭോചിതമായി ഇടപെട്ടത്. ട്രെയിൻ ഇറങ്ങിയതോടെ കടുത്ത പ്രസവവേദനയിൽ യുവതിയുടെ ബോധം നഷ്ടമായിരുന്നു. ഗുരുതരാവസ്ഥ മനസ്സിലാക്കിയാണ് പ്ലാറ്റ്‌ഫോമിൽത്തന്നെ റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രസവമെടുക്കാനുള്ള സൗകര്യം ഒരുക്കിയതെന്ന് മേജർ ഡോക്ടർ രോഹിത് പറഞ്ഞു.പൊക്കിൾക്കൊടി മുറുകെപ്പിടിക്കാൻ ഹെയർക്ലിപ്പും കുഞ്ഞിനെ പുറത്തെടുത്തശേഷം പൊക്കിൾക്കൊടി മുറിക്കാൻ ചെറുകത്തിയുമാണ് ഉപയോഗിച്ചതെന്ന് മേജർ പറഞ്ഞു.
പ്രസവശേഷം അമ്മയും കുഞ്ഞും പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. റെയിൽവേ പിന്നീട് ചികിത്സാസൗകര്യം ഒരുക്കി. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രസവമെടുത്തശേഷം ഡോക്ടർ ഹൈദരാബാദിലേക്ക് പോയി. യാത്രയ്ക്കിടയിൽപ്പോലും അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ഡോക്ടർമാർ തയ്യാറായിരിക്കണമെന്നും, രണ്ടുജീവനുകൾ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്നും മേജർ ഡോ. രോഹിത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.