കൊച്ചി : 39 വർഷം മുൻപു കൊലപാതകം നടത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ, കൂടരഞ്ഞിയിൽ മരിച്ചതു പാലക്കാട് ജില്ലാ അതിർത്തിയോടു ചേർന്നുള്ള ആളാണെന്നു സൂചന.
1986 ൽ തിരുവമ്പാടി എസ്ഐ ആയിരുന്ന ഒ.പി.തോമസിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മരിച്ചയാളുടെ പേര് ശിവനെന്നാണു മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധു പറഞ്ഞത്.പാലക്കാട് തമിഴ്നാട് അതിർത്തി ഗ്രാമത്തിലുള്ളയാളാണു മരിച്ചത്. ബന്ധു സംസാരിച്ചതു തമിഴിലാണ്. കോഴിക്കോട് / കൊച്ചി ∙ 39 വർഷം മുൻപു കൊലപാതകം നടത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ, കൂടരഞ്ഞിയിൽ മരിച്ചതു പാലക്കാട് ജില്ലാ അതിർത്തിയോടു ചേർന്നുള്ള ആളാണെന്നു സൂചന.
1986 ൽ തിരുവമ്പാടി എസ്ഐ ആയിരുന്ന ഒ.പി.തോമസിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മരിച്ചയാളുടെ പേര് ശിവനെന്നാണു മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധു പറഞ്ഞത്. പാലക്കാട് തമിഴ്നാട് അതിർത്തി ഗ്രാമത്തിലുള്ളയാളാണു മരിച്ചത്. ബന്ധു സംസാരിച്ചതു തമിഴിലാണ്. തമിഴ് സംസാരിക്കുന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നതായി, ഡിവൈഎസ്പി ആയി വിരമിച്ച് ഇപ്പോൾ എറണാകുളം പറവൂരിൽ താമസിക്കുന്ന തോമസ് അന്വേഷണ സംഘത്തോടു വ്യക്തമാക്കി.
മരിച്ചയാൾക്ക് 20–22 വയസ്സും ഒത്ത ശരീരവുമുണ്ടായിരുന്നു. വെള്ളം കുറഞ്ഞ തോട്ടരികിൽ ഇരിക്കുമ്പോൾ അപസ്മാരബാധയുണ്ടായി വെള്ളത്തിലേക്കു വീണതാണു മരണമെന്നാണ് അന്നത്തെ അന്വേഷണ നിഗമനം. ഇതു സാധൂകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷിമൊഴികളുമുണ്ടായിരുന്നു. ഇപ്പോൾ മുഹമ്മദലി നടത്തിയ വെളിപ്പെടുത്തൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യം പുതിയ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
അന്ന് 14 വയസ്സുള്ള മുഹമ്മദലിക്ക് ഒറ്റയ്ക്കു കൊലപ്പെടുത്താൻ കഴിയുന്നതിലും ആരോഗ്യമുള്ളയാളാണു മരിച്ചത്. കൊലപാതകമാണെന്നു സംശയിക്കാനുള്ള പരുക്കുകൾ മൃതദേഹത്തിലുണ്ടായിരുന്നില്ല. മറ്റു സാഹചര്യത്തെളിവുകളും ലഭിച്ചില്ല. തോടരികിൽ പ്രഭാത കൃത്യങ്ങൾക്കിരുന്ന ആളെ പിന്നിൽനിന്നു ചവിട്ടിവീഴ്ത്തി ഓടിപ്പോവുകയായിരുന്നു എന്നാണു മുഹമ്മദലിയുടെ മൊഴി. ആൾ മരിച്ചു എന്ന വിവരം രണ്ടു ദിവസം കഴിഞ്ഞാണ് താൻ അറിയുന്നതെന്നും മുഹമ്മദലി പറഞ്ഞിട്ടുണ്ട്. മരിച്ചത് ആരെന്നും മരണം എങ്ങനെയെന്നും കണ്ടെത്താൻ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
തോമസിന്റെ മൊഴിയിലെ സൂചന പ്രകാരം പാലക്കാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കും. 1986 ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരള–തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്നു കാണാതായ ആളുകളെക്കുറിച്ചു വിവരങ്ങളുള്ളവർ തിരുവമ്പാടി എസ്എച്ച്ഒ കെ.പ്രജീഷിനെ അറിയിക്കണമെന്ന് (94979 47246) പൊലീസ് ആവശ്യപ്പെട്ടു. 1989 സെപ്റ്റംബറിൽ നടത്തിയതായി മുഹമ്മദലി പറയുന്ന രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായും മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തെ സമീപിച്ചിരിക്കുകയാണ് പ്രത്യേക സ്ക്വാഡ്. കൂട്ടുപ്രതി എന്നു മുഹമ്മദലി പറയുന്ന ‘കഞ്ചാവ് ബാബു’വിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.
അടിവാരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ‘കരാട്ടെ ബാബു’ എന്ന ആൾ പൊലീസിന്റെ പഴയ പ്രതിപ്പട്ടികയിലുണ്ട്. ഈ കേസ് അക്കാലത്ത് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.