ഉദുമ (കാസർകോട്): തൃക്കണ്ണാട്ട് കടൽ 30 മീറ്ററോളം കരയെടുത്ത് സംസ്ഥാനപാതയിലേക്ക് കയറി. കടലേറ്റത്തിൽ പാതയുടെ ഒരുഭാഗത്തെ മൺതിട്ടയിടിഞ്ഞു. റോഡിനപ്പുറത്താണ് പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം.
സംസ്ഥാനപാതയിൽ ടാറിങ്ങിനോട് ചേർന്ന് രണ്ടുമീറ്ററോളമാണ് മണ്ണിടിഞ്ഞ് കടലിലേക്ക് ഒഴുകിയത്.സംസ്ഥാനപാതയും കടലും തൃക്കണ്ണാട് ക്ഷേത്രമതിലും തമ്മിലുള്ള ദൂരം ഇപ്പോൾ വെറും 35 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലെ കടലേറ്റത്തിൽ തൊട്ടടുത്തുണ്ടായിരുന്ന കൊടുങ്ങല്ലൂരമ്മ മന്ദിരത്തിന്റെ പകുതിയോളം കടലെടുത്തിരുന്നു. ഈ നിലയിൽ കടലേറ്റം തുടർന്നാൽ വൈകാതെ സംസ്ഥാനപാതയും കടലെടുക്കുമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.തങ്ങളുടെ വാക്കുകളെ അധികാരികൾ ചെവിക്കൊള്ളുന്നില്ലെന്ന് കണ്ടതോടെ നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു. സമരം ശക്തമായതോടെ അധികാരികൾ ചർച്ചയ്ക്കെത്തി. കാസർകോട് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ ഉടൻ കല്ലിടാമെന്ന ഉറപ്പ് ലഭിച്ചു.
എന്നാൽ കല്ലിടൽ നടന്നില്ല. കടലേറ്റം തുടങ്ങിയ നാളുകളിൽതന്നെ കല്ലിട്ടിരുന്നെങ്കിൽ ഇത്രയും മീറ്റർ കരയെടുക്കുന്നതും കടൽ റോഡിലേക്കെത്തുന്നതും തടയാമായിരുന്നില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. അതിനിടെ സംസ്ഥാനപാതയിലൂടെ കടന്നുപോകേണ്ട വലിയ വാഹനങ്ങളെ പോലീസ് തച്ചങ്ങാട് വഴി തിരിച്ചുവിട്ടു.സംസ്ഥാനപാതയുടെ തൃക്കണ്ണാട്ടെ അവസ്ഥയറിയാനെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് വാക്‌തർക്കമുണ്ടായി. തർക്കത്തിനിടെ, നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധം കനപ്പെടുത്തിയതോടെ ഉദ്യോഗസ്ഥർ സ്ഥലംവിട്ടു.
തുടർന്ന് നാട്ടുകാരുടെ പ്രതിനിധികളെ ബേക്കൽ ഡിവൈഎസ്‌പി വി.വി.മനോജ് ഓഫീസിലേക്ക് വിളിപ്പിക്കുകയും തൃക്കണ്ണാട് കടപ്പുറത്ത് 65 മീറ്റർ നീളത്തിൽ കല്ല് നിരത്താൻ 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചതിന്റെ രേഖ കാണിക്കുകയും ഉടൻതന്നെ പണി തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.