ന്യൂഡൽഹി : നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർഥി നിർണയവും ബോർഡ്–കോർപറേഷൻ ഭാരവാഹിത്വവും സംബന്ധിച്ച ചർച്ചയാണ് അജൻഡയെന്ന് നേതൃത്വം ആണയിടുമ്പോഴും കർണാടക മുഖ്യമന്ത്രി കസേരയുടെ കാര്യത്തിൽ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ തുടരുന്ന പിടിവലി ഹൈക്കമാൻഡിനു കീറാമുട്ടിയാകുന്നു. കൂട്ടായ നേതൃത്വമാണ് കർണാടകയിൽ പാർട്ടിക്കുള്ളതെന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധി, ഇരുവരെയും ഒന്നിച്ചു കാണാൻ താൽപര്യപ്പെട്ടെങ്കിലും വെവ്വേറെ കൂടിക്കാഴ്ചയ്ക്കായി ഇരുവരും സമയം തേടി.
പ്രത്യേകം സമയം അനുവദിച്ചാലും ഇരുവരെയും ഒന്നിച്ചിരുത്തി സംസാരിക്കാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ഇരുനേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ധരിപ്പിച്ചു. ഇരുനേതാക്കളും പങ്കെടുത്ത ചർച്ച ഇന്നലെ സുർജേവാല നടത്തി. ബോർഡ് കോർപറേഷൻ പദവികളിൽ ശിവകുമാറിനെ പിന്തുണയ്ക്കുന്നവർക്കു കൂടുതൽ പങ്കാളിത്തം നൽകാനുള്ള നീക്കമാണിതെന്നും കരുതുന്നു.മുഖ്യമന്ത്രി പദവിയിൽ മാറ്റം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിദ്ധരാമയ്യ. പാർട്ടി അധ്യക്ഷനെന്ന നിലയിൽ മികച്ച വിജയം സമ്മാനിച്ച തനിക്ക് പദവിക്ക് അർഹതയുണ്ടെന്ന് ശിവകുമാറും വിശ്വസിക്കുന്നു. സിദ്ധരാമയ്യയ്ക്ക് അവസരം അനുവദിക്കുമ്പോൾ, പരസ്യമായി കലഹമുണ്ടാക്കാതെ ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിച്ചതും അദ്ദേഹം ഓർമിപ്പിക്കുന്നു.
ബിഹാർ തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി പദവിയിൽ മാറ്റം വരുത്താൻ നേതൃത്വം താൽപര്യപ്പെടുന്നില്ല. പ്രമുഖ ഒബിസി നേതാവായ സിദ്ധരാമയ്യയെ മാറ്റുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ, ചാണക്യപുരി ന്യൂ കർണാടക ഭവനിലെ ‘സിഎം സ്യൂട്ട് റൂമിൽ’ ശിവകുമാർ താമസമുറപ്പിച്ചു. കഴിഞ്ഞ സന്ദർശനത്തിൽ സിദ്ധരാമയ്യയാണ് ഇവിടെ താമസിച്ചത്. എന്നാൽ, മുറിയിലെ വെന്റിലേഷന്റെ കാര്യത്തിൽ അസംതൃപ്തനായ സിദ്ധരാമയ്യ ഇക്കുറി ന്യൂ കർണാടക ഭവൻ ഒഴിവാക്കി. പഴയ കർണാടക ഭവനിലെ അനെക്സ് ബിൽഡിങ്ങിലെ സിഎം സ്യൂട്ടിലാണ് സിദ്ധരാമയ്യ താമസിക്കുന്നത്.
ഖർഗെയുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച
ബെംഗളൂരു ∙ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും ഡൽഹി സന്ദർശനത്തിനിടെ ബെംഗളൂരുവിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി ഒരു വിഭാഗം മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ജി.പരമേശ്വര, എച്ച്.കെ.പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, സതീഷ് ജാർക്കിഹോളി, എച്ച്.സി.മഹാദേവപ്പ, സമീർ അഹമ്മദ് ഖാൻ, ദിനേഷ് ഗുണ്ടുറാവു, ശരൺ പ്രകാശ് പാട്ടീൽ എന്നിവരാണു ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ചയായതായി ഇവരിൽ ചിലർ വ്യക്തമാക്കി. എന്നാൽ, കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ തയാറായില്ല.
നേതൃമാറ്റ അഭ്യൂഹങ്ങൾക്കിടെ 5 വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമെന്നു സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയും ഉടനുണ്ടാകില്ല. രണ്ടര വർഷത്തിനു ശേഷം അധികാരം കൈമാറണമെന്ന ധാരണ 2023ലെ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം നേതൃത്വം മുന്നോട്ടുവച്ചെന്ന പ്രചാരണം ശരിയല്ല. പാർട്ടി എടുക്കുന്ന തീരുമാനം അനുസരിക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ തന്നെ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 2നു നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷവും താൻ കാലാവധി പൂർത്തിയാക്കുമെന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നു. തനിക്കു വേറെ വഴികളില്ലെന്നും സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കുന്നുവെന്നും ശിവകുമാർ പ്രതികരിച്ചെങ്കിലും തന്റെ പ്രാർഥനകൾ വിഫലമാകില്ലെന്ന വിശ്വാസവും പ്രകടിപ്പിക്കുകയുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.