തൃശൂർ :കടൽത്തീരത്ത് രണ്ട് ഡോൾഫിനുകൾ ചത്തുപൊങ്ങിയത് കൊച്ചി കപ്പൽ അപകടത്തെ തുടർന്ന് മാലിന്യങ്ങൾ മുങ്ങിയതിനാലാണോ എന്ന് സംശയിക്കുന്നതായി വനംവകുപ്പ്. ഈ സംശയം ഉന്നയിച്ച് ചാലക്കുടി ഡിഎഫ്ഒ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു.
ജൂൺ 26നാണ് ആദ്യത്തെ ഡോൾഫിന്റെ ജഡം കടൽത്തീരത്ത് പൊങ്ങിയത്. മണ്ണുത്തി വെറ്ററിനറി കോളജിൽ പോസ്റ്റുമോർട്ടം നടത്തി. 27നാണ് അതേ സ്ഥലത്ത് രണ്ടാമത്തെ ഡോൾഫിന്റെ ജഡം പൊങ്ങിയത്. അഴുകിയതിനാൽ സാംപിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഈ രണ്ട് സംഭവങ്ങൾക്കും കൊച്ചി കപ്പൽ അപകടവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായാണ് ഡിഎഫ്ഒയുടെ കത്തിൽ പറയുന്നത്. ഈ മാസം ഒന്നിനാണ് കത്തയച്ചത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.തോട്ടപ്പള്ളി പുറങ്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ സാമഗ്രികൾ കലരുകയും ചെയ്തതുമൂലം പരിസ്ഥിതി, മത്സ്യബന്ധന, വാണിജ്യമേഖലകളിൽ സർക്കാരിന് 9531 കോടി രൂപയുടെ നഷ്ടമുണ്ടെന്നു കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അഡ്മിറാലിറ്റി സ്യൂട്ട് നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം തുക കെട്ടിവയ്ക്കുന്നതുവരെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) ‘അകിറ്റേറ്റ 2 ’ കപ്പൽ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഹർജി 10നു വീണ്ടും പരിഗണിക്കും.
മേയ് 25ന് 643 കണ്ടെയ്നറുകളുമായി എൽസ–3 മുങ്ങിയതിനെ തുടർന്ന്, അപകടകാരികളായ കണ്ടെയ്നറുകൾ ഉൾപ്പെടെ ചോർന്നിരുന്നു. പ്ലാസ്റ്റിക് തരികൾ (നർഡിൽസ്) ഒഴുകിപ്പരന്നു. പരിസ്ഥിതി, ആവാസ മേഖലയിലും സാമ്പത്തിക മേഖലയിലും വൻ നഷ്ടമുണ്ടെന്നാണ് സർക്കാർ കോടതിയിൽ വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.