കവടിയാര്‍ ജവഹര്‍ നഗറിലുള്ള വീടും വസ്തുവും തട്ടിയെടുത്ത സംഭവം :ആധാരം ഉള്‍പ്പെടെ തയാറാക്കിയത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

തിരുവനന്തപുരം : യുഎസിൽ താമസമാക്കിയ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലുള്ള വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ ആധാരം ഉള്‍പ്പെടെ തയാറാക്കിയത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും വെണ്ടറുമായ അനന്തപുരി മണികണ്ഠന്‍ ആണെന്നു പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡന്‍ഷ്യല്‍ ഏരിയയായ ജവഹര്‍ നഗറിലെ കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്തതിനു പിന്നിൽ ഉദ്യോഗസ്ഥര്‍ അടക്കം വലിയ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകര്‍ ഉള്‍പ്പെടെ വമ്പന്മാര്‍ കേസില്‍ കുടുങ്ങുമെന്നാണ് സൂചന.

വര്‍ഷങ്ങളായി യുഎസില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സി എന്ന സ്ത്രീയുടെ 10 സെന്റ് സ്ഥലവും വീടുമാണ് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തു വിറ്റത്. കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി മെറിന്‍ ജേക്കബാണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്‌സിന്റെ വളര്‍ത്തു പുത്രിയാണ് മെറിന്‍ എന്നു സ്ഥാപിച്ചാണ് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വര്‍ഷം മുന്‍പ് നാട്ടില്‍ വന്നുപോയ ഡോറയ്ക്ക് മെറിന്‍ ആരെന്നു പോലും അറിയില്ല. സ്ഥിരമായി വസ്തു ഇടപാടുകള്‍ക്ക് ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്ന അനന്തപുരി മണികണ്ഠന്റെ സ്വാധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്നു പൊലീസ് കരുതുന്നു. 

വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും മണികണ്ഠന്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണികണ്ഠന്‍ ആറ്റുകാലില്‍ മത്സരിച്ചിരുന്നു. പൊലീസ് ഇന്നലെ മെറിനെ മണികണ്ഠന്റെ ഓഫിസില്‍ എത്തിച്ചു പരിശോധന നടത്തിയിരുന്നു. മണികണ്ഠനും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വലിയൊരു ലോബി തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഡോറയുടെ മുഖസാദൃശ്യമുള്ള കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്തയെ ഡോറയെന്ന മട്ടില്‍ എത്തിച്ച് മെറിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയതും ഈ പ്രമാണം എഴുതി നല്‍കിയതും മണികണ്ഠന്‍ ആണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ തയാറാക്കിയ അഭിഭാഷകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. വസ്തുവിന്റെ മേല്‍നോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടയ്ക്കാനെത്തിയപ്പോഴാണു തട്ടിപ്പു പുറത്തറിഞ്ഞത്. യുഎസിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും റജിസ്ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്. ഡോറയോടു രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്.

ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്ട്രേഷന്‍ നടത്തി മെറിനു വസ്തു കൈമാറിയത് വസന്തയാണ്. മെറിനും വസന്തയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ചു പരിചയപ്പെട്ട സുഹൃത്താണ് മെറിനെ തട്ടിപ്പു സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ മ്യൂസിയം പൊലീസ് കണ്ടെത്തി. റജിസ്ട്രാര്‍ ഓഫിസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ചു പ്രതികളിലേക്ക് എത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !