'മഞ്ഞുമ്മല്‍ ബോയ്സു'മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരന് ലാഭവിഹിതം നല്കാന് തങ്ങള്‍ തയ്യാറായിരുന്നുവെന്ന് നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍. കണക്കുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെയെന്നും സൗബിന് പ്രതികരിച്ചു.
കേസില്‍ ചോദ്യംചെയ്യലിന് മരട് പോലീസിന് മുന്നില്‍ രണ്ടാംദിവസവും സൗബിന് ഹാജരായി. മൊഴി നല്കാന് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സൗബിന് ഇക്കാര്യം വ്യക്തമാക്കിയത്.'മുതല്‍ മൊത്തം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കണക്കിന്റെ കാര്യങ്ങളാണ് നോക്കുന്നത്. അവര്‍ പറയുന്നതില്‍ കറക്ട് നമ്മള് കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ, അവര്‍ പറയുന്ന കണക്കുകള്‍ കറക്ടല്ലല്ലോ?. ലാഭം മാറ്റിവെച്ചിട്ടുണ്ട്. കോടതിയില്‍ അവരുപോയതല്ലേ. അവരായിട്ട് തീരുമാനിക്കട്ടേ. കണക്കുകളുണ്ട്. എല്ലാവരുടേയും കൂടെ സഹകരിക്കാന്‍ ഞങ്ങള്‍ തയ്യറാണ്. അപ്പോള്‍ അവര്‍ തീരുമാനിക്കട്ടേ', സൗബിന് പ്രതികരിച്ചു.
സിനിമയ്ക്കായി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് ആരോപിച്ചാണ് അരൂര്‍ സ്വദേശി സിറാജ് വലിയതുറ ഹമീദ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ മരട് പോലീസ് കേസെടുത്തു. സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ പ്രതികള്‍. നിര്‍മാതാക്കള്‍ നടത്തിയത് ഗുരുതര സാമ്പത്തിക തട്ടിപ്പാണെന്ന് കാണിച്ച് മരട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിര്‍മാണത്തിനായി സിറാജ് ഏഴുകോടി നല്കി. 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. തീയേറ്റര്‍, ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 40% നല്‍കാമെന്നായിരുന്നു കരാര്‍. ഇത് പാലിച്ചില്ല. ഇതുമൂലം സിറാജിന് 47 കോടിയുടെ നഷ്ടമുണ്ടായെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിതരണക്കാര്‍ സമര്‍പ്പിച്ച കണക്കുപ്രകാരം 'മഞ്ഞുമ്മല്‍ ബോയ്സ്' ഇന്ത്യയിലെ തിയേറ്ററുകളില്‍നിന്ന് നേടിയത് 140,89,28,690 രൂപയും ലാഭം 45,30,25,193 രൂപയുമാണ്. ഒ.ടി.ടി, സാറ്റലൈറ്റ്, ഓവര്‍സീസ് അവകാശം, മ്യൂസിക്കല്‍ റൈറ്റ്സ്, ഡബ്ബിങ് എന്നിവയിലൂടെ 96 കോടിയും കിട്ടി. ചിത്രത്തിന്റെ ആകെ നിര്‍മാണച്ചെലവ് 17.95 കോടിയാണ്. 22 കോടിയായിയെന്ന് നിര്‍മാതാക്കള്‍ പറയുന്നത് ശരിയല്ല. ചിത്രത്തിനുവേണ്ടി മുടക്കിയ പണവും ലാഭവിഹിതവും കിട്ടാത്തതിനാല്‍ സിറാജിന്റെ സമുദ്രോത്പന്നവ്യാപാരം തകര്‍ന്നെന്നും അര്‍ബുദരോഗചികിത്സയെ ബാധിച്ചെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.