ലക്നൗ : കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദ ചികിത്സ നടത്തിയ യുവതി മരിച്ചു. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ (35) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അനുരാധ ചികിത്സയ്ക്കായി മന്ത്രവാദിയായ ചന്തുവിനെ സമീപിച്ചത്. ചികിത്സയുടെ ഭാഗമായി ശുചിമുറി വെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിച്ചതിനു പിന്നാലെയാണ് അനുരാധയുടെ മരണമെന്നാണ് റിപ്പോർട്ട്. കേസെടുത്തതിനു പിന്നാലെ ചന്തു പൊലീസിൽ കീഴടങ്ങി. ഇയാളുടെ സഹായികൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഒരു മാസം മുൻപാണ് അനുരാധ ഭർതൃവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു വന്നത്. ജൂലൈ 6ന് അമ്മയ്ക്കൊപ്പമാണ് അനുരാധ മന്ത്രിവാദിയുടെ അടുത്തെത്തിയത്. അനുരാധ പൈശാചിക ശക്തിയുടെ സ്വധീനത്തിലാണെന്നായിരുന്നു ചന്തുവിന്റെയും ഭാര്യ ഷബനത്തിന്റെയും മറ്റു സഹായികളുടെയും കണ്ടെത്തല്‍. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശക്തിയായി മുടി പിടിച്ചുവലിക്കുക, കഴുത്തും തലയും വായയും പിടിച്ച് പിന്നിലേക്ക് തള്ളുക, ശുചിമുറിവെള്ളവും അഴുക്കുചാലിലെ വെള്ളവും കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു ചന്തുവിന്റെയും സഹായികളുടെയും ചികിത്സാകര്‍മങ്ങള്‍.
മകളോടുളള ക്രൂരത അവസാനിപ്പിക്കാൻ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദിയും കൂട്ടരും വിട്ടില്ല. ക്രൂരത മണിക്കൂറുകളോളം തുടര്‍ന്നതോടെ അനുരാധയുടെ ആരോഗ്യനില വഷളായി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തിക്കും മുന്‍പേ അനുരാധ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ ചന്തുവും സഹായികളും സ്ഥലം വിട്ടു.
അനുരാധയുടെ മൃതദേഹവുമായി ഗ്രാമത്തില്‍ തിരിച്ചെത്തിയ ബന്ധുക്കള്‍ മന്ത്രിവാദിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. തുടർന്ന് കന്ദാരപുര്‍ എസ്എച്ച്ഒ കെ.കെ. ഗുപ്തയും സിറ്റി സര്‍ക്കിള്‍ ഓഫിസറും സ്ഥലത്തെത്തി. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയാണ് ചന്തു ആവശ്യപ്പെട്ടതെന്നും അഡ്വാന്‍സ് തുകയായി 22,000 രൂപ നല്‍കിയെന്നും പിതാവ് ബലിറാം യാദവ് പറയുന്നു. അനുരാധയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.