തിരുവനന്തപുരം : കേരള സര്‍വകലാശാല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അധികച്ചുമതലയുള്ള വിസി ഡോ.സിസ തോമസ്. റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ ക്യാംപസില്‍ കയറരുതെന്നും ഔദ്യോഗിക ചുമതലകള്‍ വഹിക്കരുതെന്നും കാട്ടി വിസി നോട്ടിസ് നല്കി. വിലക്ക് ലംഘിച്ചാല്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്നും നോട്ടിസില്‍ പറയുന്നു. സര്‍വകലാശാല ആസ്ഥാനം കയ്യേറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ഡിജിപിക്കു വിസി പരാതി നല്കി. പ്രക്ഷോഭത്തില്‍ സര്‍വകലാശാലയ്ക്കു കനത്ത നാശനഷ്ടമുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പൊലീസ് നോക്കി നില്‍ക്കെ ഏതാണ്ട് ഒന്നര മണിക്കൂറോളം സര്‍വകലാശാല ആസ്ഥാനം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉള്‍പ്പെടെ 27 പേരെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് റജിസ്ട്രാറെ വിസി ഡോ.മോഹന്‍ കുന്നമ്മല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മോഹന്‍ കുന്നുമ്മല്‍ റഷ്യയ്ക്കു പോയതിനെ തുടര്‍ന്ന് ഡോ.സിസ തോമസിന് അധിക ചുമതല നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോ.സിസ തോമസ് ഉള്‍പ്പെടെ സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നപ്പോള്‍ റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയതായി ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ അജന്‍ഡയില്‍ ഇല്ലാത്ത കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നു കാട്ടി യോഗം താന്‍ പിരിച്ചുവിട്ടിരുന്നുവെന്നും സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നുമാണ് വിസി ഡോ.സിസ തോമസ് പറയുന്നത്. തുടര്‍ന്ന് റജിസ്ട്രാറുടെ ചുമതല ഡോ.മിനി കാപ്പന് നല്‍കിയതായും വിസി അറിയിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടാതിരുന്ന സാഹചര്യത്തില്‍ റജിസ്ട്രാര്‍ ഡോ.അനില്‍കുമാര്‍ തിരികെ ചുമതലയേറ്റു. ഇതോടെ സര്‍വകലാശാലയില്‍ രണ്ട് റജിസ്ട്രാര്‍മാര്‍ ഉള്ള അവസ്ഥയാണുള്ളത്. ഇതിനിടെയാണ് ഡോ.അനില്‍കുമാര്‍ സര്‍വകലാശാല ക്യാംപസില്‍ കയറരുതെന്നും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ പാടില്ലെന്നും കാട്ടി വിസി ഡോ. സിസ തോമസ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അനില്‍കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയ സിന്‍ഡിക്കറ്റ് തീരുമാനം ഗവര്‍ണര്‍ റദ്ദാക്കുമെന്ന സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.