തിരുവനന്തപുരം : ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് ശക്തന് ചുമതല നൽകിയത്. മുൻ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ.
എൽഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോൺഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകൾക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് രവി ഒഴിഞ്ഞത്.3 മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീൽ ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പു രൂപേണയാണു പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമർശങ്ങൾ കടുത്തതാണെന്നു പാർട്ടി വിലയിരുത്തി. സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു കെപിസിസി പുറത്താക്കി.
കാഞ്ഞിരംകുളം മരപ്പാലത്താണ് ശക്തന്റെ ജനനം. യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1982ൽ കോവളം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 2001, 2006 കാലഘട്ടത്തിൽ നേമം മണ്ഡലത്തിൽനിന്നും 2011ൽ കാട്ടാക്കട മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. 2004–2006 കാലഘട്ടത്തിൽ ഗതാഗതമന്ത്രിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.