ബെംഗളൂരു : ഡൽഹി കർണാടക ഭവനിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്പെഷൽ ഓഫിസർ മോഹൻ കുമാർ ഷൂസ് ഉപയോഗിച്ച് മർദിക്കാൻ ശ്രമിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സ്പെഷൽ ഓഫിസർ എച്ച്. ആഞ്ജനേയ കർണാടക ഭവനിലെ റസിഡന്റ് കമ്മിഷണർക്ക് പരാതി നൽകി.
മോഹൻ കുമാർ മറ്റു ജീവനക്കാരുടെ മുന്നിൽ വച്ച് ഷൂസ് ഊരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താൻ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ മോഹൻ കുമാർ ഡ്യൂട്ടി തടസ്സപ്പെടുത്തുകയാണെന്നും പരാതിയിൽ പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തൽ, സ്ഥാനക്കയറ്റം തടയൽ, അസഭ്യം പറയൽ, മർദന ശ്രമം എന്നിവയ്ക്ക് മോഹൻ കുമാറിനെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും ആഞ്ജനേയ ആവശ്യപ്പെട്ടു.
ഉപമുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസറായി ജോലി ചെയ്യുമ്പോഴുള്ള സുരക്ഷയെകുറിച്ച് ആശങ്കയുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മോഹൻ കുമാർ ആയിരിക്കും ഉത്തരവാദിയെന്നും പരാതിയിൽ പറഞ്ഞു. സംസ്ഥാനത്ത് നേതൃമാറ്റ ചർച്ചയ്ക്ക് താൽക്കാലിക ശമനം വന്നതിനിടെ സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും സ്പെഷൽ ഓഫിസർമാർ തമ്മിലുള്ള പോര് മുതലാക്കി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള പോരാട്ടം അതിരുകൾ ലംഘിക്കുന്നതായി ബിജെപി ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കർണാടക നേതാക്കളിലുള്ള സർവ നിയന്ത്രണവും ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.