കൊച്ചി : ഗവർണർക്കെതിരെ സമരം എന്ന പേരിൽ സിപിഎം കാണിച്ചുകൂട്ടുന്ന സമരാഭാസം ഗുണ്ടായിസമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്നലെ സമരം എന്ന പേരിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണ്. അതിന് സർക്കാരും പൊലീസും കൂട്ടുനിന്നു. സർവകലാശാലകളിൽ കടന്നു കയറി അവിടുത്തെ ജീവനക്കാരെയും പല ആവശ്യങ്ങൾക്ക് വന്ന വിദ്യാർഥികളെയും മർദിച്ച് തികഞ്ഞ ഗുണ്ടായിസമാണ് അവിടെ നടന്നത്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്ന പൊലീസും എസ്എഫ്ഐ പ്രവർത്തകർക്ക് ഗുണ്ടായിസം കാണിക്കാൻ കുടപിടിക്കുന്ന പൊലീസുമാണ് ഇവിടെയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി.
അക്കാദമിക് രംഗത്തെ പ്രശ്നങ്ങൾ ഗുരുതരമാണെന്ന് സതീശൻ പറഞ്ഞു. 13 സർവകലാശാലകളിൽ 12 ഇടത്തും സ്ഥിരം വൈസ് ചാൻസർമാരില്ല. അവിടങ്ങളിൽ സിൻഡിക്കറ്റ് അംഗങ്ങളും താൽക്കാലിക വിസിമാരും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നു. ഇതിനെല്ലാം ഇരകളാകുന്നത് കുട്ടികളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് മൂല്യങ്ങൾ മുഴുവൻ നഷ്ടപ്പെട്ടെന്നും സതീശൻ പറഞ്ഞു.സർക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ബലിയാടാകുന്ന വിദ്യാർഥികളുടെ കാര്യം നോക്കുന്നതിനു പകരം യൂണിവേഴ്സിറ്റി കോളജിൽ പോയി സമരാഭാസത്തിന് പിന്തുണ കൊടുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തതെന്നും സതീശൻ വിമർശിച്ചു. പൊലീസിന്റെ വടി മേടിച്ച് വിദ്യാർഥികൾ അവരെ തല്ലുകയാണ്. എന്നിട്ട് തൊപ്പിയും വച്ച് പൊലീസ് നോക്കി നിൽക്കുകയാണ്. നാണക്കേടായി കേരളത്തിലെ പൊലീസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നതാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ് എന്നു പറഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും അതിൽനിന്നു വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷം സമരം ചെയ്യാൻ പാടില്ലെന്നാണ് പറയുന്നത്. മന്ത്രിമാരെ ഒറ്റപ്പെടുത്തി സമരം ചെയ്യാൻ പാടില്ലെന്ന് പറയുന്നവർ കെ.എം.മാണിയോട് ചെയ്തത് എന്തായിരുന്നു? ബജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാതെ സമരം ചെയ്തില്ലേ? മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരെ വഴിയിൽ തടഞ്ഞത് ഇന്ത്യയിൽ ആദ്യമായി സിപിഎമ്മാണ്. അവർക്ക് ഇപ്പോൾ സമരത്തെയും സമരം ചെയ്യുന്നവരെയും പുച്ഛമാണ്. മന്ത്രിമാർക്ക് ഇപ്പോൾ മുതലാളിത്ത സ്വഭാവമാണ്. അവർക്ക് സമരം ചെയ്യുന്നവരെ കണ്ടുകൂടാ എന്നും സതീശന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.