കൊല്ലം : മിസിസ് ഏര്‍ത്ത് ഓര്ഗനൈസേഷന് സംഘടിപ്പിച്ച മിസിസ് എര്‍ത്ത് 2025 കിരീടം നേടി കണ്ണൂര്‍ സ്വദേശി മിലി ഭാസ്കര്‍. ഈ കിരീടമണിയുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മിലി. കാനഡയെ പ്രതിനിധാനംചെയ്താണ് മത്സരിച്ചത്. യുഎസില്‍ നടന്ന മത്സരത്തില്‍ 24 രാജ്യത്തുനിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളിയാണ് കിരീടനേട്ടം. കഴിഞ്ഞവര്‍ഷം ജൂലായിയില്‍ മിസിസ് കാനഡ എര്‍ത്ത് പട്ടവും നേടിയിരുന്നു. ഈ കിരീടമണിഞ്ഞ ആദ്യ ഇന്ത്യക്കാരിയും മിലിയാണ്.
മത്സരത്തിനായി കഠിനാധ്വാനം ചെയ്തിരുന്നു. അതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നു. നിറഞ്ഞ സന്തോഷം വിജയത്തില്‍ മിലിയുടെ പ്രതികരണം ഇതാണ്. ഇക്കോ വെയര്‍ റൗണ്ടില്‍ മിലി റീസൈക്കിള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് കടല്‍ തീമിലുള്ള വസ്ത്രമാണ് തിരഞ്ഞെടുത്തത്. പ്ലാസ്റ്റിക് കടലിന്റെ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കാനായിരുന്നു ഇത്.രണ്ടുമക്കളുടെ അമ്മയായ മിലി 2024-ലാണ് ആദ്യമായി റാംപില്‍ ചുവടുവെച്ചത്. ജനുവരിയില്‍ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരവേദികളിലേക്ക് കാലെടുത്തുവയ്ക്കാന്‍ മിലിക്ക് ഊര്‍ജമേകിയത്. പിന്നീടാണ് മിസിസ് കാനഡ എര്‍ത്തായി തിരഞ്ഞെടുക്കപ്പെട്ടത്. ഇലക്ട്രോണിക്സില് ബിരുദവും ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ മാനേജ്മെന്റ് ബിരുദവും യോഗാധ്യാപക കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഡല്‍ഹി മലയാളി മഹേഷ് കുമാറുമായുള്ള വിവാഹം. പിന്നീടാണ് കാനഡയിലെ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയില്‍ മാനേജറായത്. ഇപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. വിദ്യാര്‍ഥികളായ തമന്ന, അര്മാന് എന്നിവരാണ് മക്കള്‍. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മാധവം വീട്ടില്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജര്‍ ടി.സി. ഭാസ്കരന്റെയും കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ജയയുടെയും ഏകമകളാണ് മിലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.