തിരുവനന്തപുരം : ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പല പദ്ധതികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ അനുവദിക്കുന്ന കോടിക്കണക്കിനു രൂപയുടെ ഫണ്ട് ധൂര്ത്തടിക്കുന്നതു കണ്ട് അന്തംവിട്ട് വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ അധികൃതര്‍. പദ്ധതി നടത്തിപ്പില്‍ പങ്കാളിയായ സ്വകാര്യ കമ്പനിക്കു പണം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.
വന്‍കിട ഹോട്ടലുകളില്‍നിന്നു ദിവസവും കാപ്പി കുടിച്ചതിന്റെയും ബിരിയാണി കഴിച്ചതിന്റെയും ബില്ലുകള്‍ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ പ്രോജക്ടുകളുടെ പേരില്‍ വിസിക്കു സമര്‍പ്പിച്ചിരിക്കുന്നത്. പ്രോജക്ട് എന്ന പേരില്‍ എങ്ങനെയാണ് ഈ ബില്ലുകള്‍ പാസാക്കി വിടുന്നതെന്ന് അറിയാതെ പകച്ചു പോയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബില്ലില്ലാതെ പണം നല്കാന് കഴിയില്ലെന്ന് അധികൃതര്‍ കടുംപിടിത്തം പിടിച്ചതോടെ തട്ടിക്കൂട്ടിയുണ്ടാക്കിയ ബില്ലുകളാണെന്ന സംശയവും ഉയരുന്നുണ്ട്.മുഖ്യമന്ത്രി പ്രോ വൈസ് ചാന്‍സലര്‍ ആയ ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റെടുത്തതോടെയാണു സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കാലാകാലങ്ങളായി സര്‍വകലാശാലയില്‍ കൃത്യമായ ഓഡിറ്റിങ് നടത്താറില്ലെന്നും അടിയന്തരമായി ഓഡിറ്റിങ് വേണമെന്നും വിസി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അധ്യാപകര്‍ സ്വന്തം പേരില്‍ കമ്പനികള്‍ ഉണ്ടാക്കി പ്രോജക്ടുകളും മറ്റും നേടിയെടുത്തു പണമുണ്ടാക്കുന്നതായും വിസി ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പാണെന്നു പ്രഥമദൃഷ്ട്യാ അറിയാന്‍ കഴിയുന്ന കോടികളുടെ ബില്ലുകള്‍ പാസാക്കി വിടുന്നത് ഒടുവില്‍ ബാധ്യതയാകുമെന്ന തിരിച്ചറിവിലാണ് വിസിയായ ഡോ.സിസ തോമസ് ക്രമക്കേടുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. സര്‍വകലാശാലയില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്നാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് ഡിജിപിക്കും ഓഡിറ്റിന് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് 3.94 കോടിയുടെ ബില്‍ വന്നപ്പോഴാണ് അധികൃതര്‍ക്കു സംശയം ശക്തമായത്. പ്രോജക്ടുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യാത്രയുടെയും ആഹാരത്തിന്റെയും ബില്ലുകള്‍ ആയിരുന്നു ഏറെയും. ഓരോ ബില്ലും പരിശോധിച്ച് അറിയിക്കാന്‍ ഫിനാന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയാറാകാതിരുന്നതോടെ വിസി ഉള്‍പ്പെടെ ധര്‍മസങ്കടത്തിലായി. തുടര്‍ന്ന് ഓഡിറ്റിങ്ങിനു വിടാന്‍ തീരുമാനിച്ചു. പല തവണ ഓഡിറ്റിങ് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിനിടെയാണ് ഗവര്‍ണര്‍ തനിക്കു ലഭിച്ച പരാതികള്‍ സംബന്ധിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയത്. പാസാക്കി നല്കാന് കഴിയാത്ത കോടികളുടെ ബില്ലുകളാണു പരിഗണനയ്ക്ക് എത്തുന്നതെന്നും അത്യാവശ്യമായി ഓഡിറ്റിങ് വേണമെന്നും കാട്ടി വിസി ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്കി. യാതൊരു ഉത്തരവാദിത്തവുമില്ലാതെ കോടികളുടെ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് സര്‍വകലാശാലയില്‍ തുടരുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അനുവദിച്ച 94.85 കോടി രൂപയുടെ ഫണ്ട് സ്വകാര്യ കമ്പനിക്കു കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി ഉടലെടുത്തത്. ഡിജിറ്റല്‍ സര്‍വകലാശാലയാണ് ഫണ്ട് കൈപ്പറ്റി സ്വകാര്യ കമ്പനിക്കു നല്‍കേണ്ടത്. പണം എന്തിനാണു ചെലവഴിച്ചതെന്ന ബില്ലുകള്‍ ഹാജരാക്കാതെ ഫണ്ട് കൈമാറാന്‍ കഴിയില്ലെന്ന് വിസി നിലപാടെടുത്തു. ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഹാജരാക്കാമെന്നും പണം നല്‍കണമെന്നും സ്വകാര്യ കമ്പനി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ല.
പണം പ്രോജക്ടിനു വേണ്ടി തന്നെയാണ് ഉപയോഗിച്ചതെന്ന് അറിയാതെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിനു കൊടുക്കാന്‍ കഴിയില്ലെന്ന വിസി വ്യക്തമായി പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് റജിസ്ട്രാര്‍ ഒപ്പിട്ട് വിസി അംഗീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ റജിസ്ട്രാറും ഫിനാന്‍സ് വിഭാഗവും കൈമലര്‍ത്തിയതോടെ കൃത്യമായ പരിശോധനയില്ലാതെ കോടികളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു വിസിയും അറിയിക്കുകയായിരുന്നു.
മറ്റ് സര്‍വകലാശാലകളില്‍ നടക്കുന്നതു പോലെ ഓഡിറ്റിങ് നടത്താതിരിക്കുന്നതാണ് ക്രമക്കേടുകള്‍ക്കു കാരണമെന്നാണ് വിസി ഗവര്‍ണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനായി സര്‍വകലാശാല പാട്ടത്തിനെടുത്ത് കോടികള്‍ മുടക്കി വികസിപ്പിച്ച കെട്ടിടം സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നല്കിയതും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ ആരംഭിച്ച ഗ്രഫീന്‍ പദ്ധതിയില്‍ പങ്കാളിയാക്കിയ സ്വകാര്യ സ്ഥാപനം ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് രൂപീകരിക്കപ്പെട്ടതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പു ഈ സ്ഥാപനത്തിന് തുക കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുകളില്‍ സ്വകാര്യസ്ഥാപനത്തിന് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഗ്രഫീന്‍ അറോറ എന്ന പദ്ധതിക്കായി 94.85 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്രം 37.63 കോടിയും സംസ്ഥാനം 47.22 കോടിയും സ്വകാര്യ സംരംഭകരില്‍നിന്ന് 10 കോടി രൂപയും പദ്ധതിക്കായി സമാഹരിക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി 2024-25 വര്‍ഷത്തില്‍ പദ്ധതിക്കായി കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് ഡിജിറ്റല്‍ മന്ത്രാലയം വഴി അനുവദിച്ച 3.94 കോടി രൂപ ചെലവഴിക്കുന്നതിന്റെ പ്രശ്നങ്ങളാണ് വിസി ഗവര്‍ണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.