കൊല്ലം: ഷാർജയിൽ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. നിതീഷിന്റെ സഹോദരി നീതുവിനെ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്.
കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ ഒരേ കയറിന്‍റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ അത്മഹത്യ ചെയ്തതാണെന്ന വാദത്തെ വിപഞ്ചികയുടെ കുടുംബം തള്ളിയിരുന്നു.നിതീഷും സഹോദരി നീതുവും ചേർന്നാണു തന്റെ മകളെ പീഡിപ്പിച്ചതെന്നു ഷൈലജ ആരോപിച്ചിരുന്നു. നിതീഷ് വിപഞ്ചികയുമായി അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം നീതുവും പിതാവ് മോഹനനും ചേർന്ന് അകറ്റി. സ്വന്തം കുഞ്ഞിനെ പോലും സ്നേഹിക്കാൻ നിതീഷിനെ നീതു അനുവദിച്ചില്ലായിരുന്നുവെന്നു ഷൈലജ ആരോപിച്ചു. നീതുവും വിപഞ്ചികയെ മർദിച്ചിട്ടുണ്ട്. നീതുവിന്റെ ഭർത്താവിനെ വിളിച്ചു തന്നെ ഉപദ്രവിക്കരുതെന്നു കാലുപിടിച്ച് വിപഞ്ചിക അപേക്ഷിച്ചിരുന്നുവെന്നും എന്നിട്ടും ആരും തടുത്തില്ലെന്നും ഷൈലജ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.