ഭോപാൽ: പരീക്ഷാ കേന്ദ്രത്തിൽ കൂട്ടകോപ്പിയടി ആരോപിച്ച് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ജില്ലാ കളക്ടർ. മധ്യപ്രദേശിലെ ബിന്ധ് ജില്ലാ കളക്ടർ സഞ്ജീവ് ശ്രീവാസ്തവയാണ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ കരണത്തടിച്ചത്. കളക്ടർ വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏപ് സർവ്വകലാശാല നടത്തിയ ഒരു പരീക്ഷയിൽ കൂട്ടകോപ്പിയടി നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ദീൻദയാൽ ഡാൻറോലിയ കോളേജിൽ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ ഒരു വിദ്യാർഥിയുടെ പക്കൽ ഉത്തരക്കടലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവനെ കർശനമായി ചോദ്യം ചെയ്തതിലൂടെ ചോദ്യകടലാസ് അധ്യാപകരുടെ പക്കാലാണെന്നും അവർ പുറത്തുനിന്ന് ഉത്തരങ്ങൾ അടയാളപ്പെടുത്തുകയാണെന്നും കുട്ടി മറുപടി നൽകി. തന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകാതിരുന്നതോടെയാണ് വിദ്യാർഥിയെ തല്ലിയതെന്നും അതോടെ അവൻ സത്യം പറഞ്ഞുവെന്നും കളക്ടറെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.രോഹിത് റാത്തോർ എന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. പരീക്ഷയ്ക്കിടെ താൻ ശൗചാലയത്തില്‍ പോയി തിരികെ വന്നപ്പോൾ ചോദ്യപേപ്പർ കാണാനില്ലായിരുന്നുവെന്നാണ് വിദ്യാർഥിയുടെ വിശദീകരണം. പെട്ടെന്ന് അവിടേക്കെത്തിയ കളക്ടർ ഒന്നും ചോദിക്കാതെ തന്നെ മർദിക്കുകയായിരുന്നു എന്നും വിശദീകരിക്കാൻ അവസരം നൽകിയില്ലെന്നും വിദ്യാർഥി ആരോപിക്കുന്നു. കളക്ടർക്കെതിരെ പരാതി നൽകിയിട്ടുള്ളതായും വിദ്യാർഥി പറഞ്ഞു. നിലവിൽ കുട്ടിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രത്തിൻ്റെ അംഗീകാരം റദ്ദാക്കാൻ ഗ്വാളിയോറിലെ ജിവാജി സർവ്വകലാശാലയ്ക്ക് താൻ കത്തെഴുതിയെന്നും, അതുകൊണ്ടാണ് കോളേജ് മാനേജ്മെൻ്റ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും കളക്ടർ പറയുന്നു. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഹേമന്ത് കടാരെയുടെ ഭാര്യാപിതാവിൻ്റേതാണ് കോളേജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് യഷ് ഭാർതീയ, കളക്ടർക്കെതിരെ അന്വേഷണവും കർശന നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.