നടനും ഷെഫുമായ മദംപട്ടി രംഗരാജുമായി വിവാഹിതയായെന്ന് വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ജോയ് ക്രിസില്‍ഡ. കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ജോയ് ക്രിസില്‍ഡ ഇക്കാര്യം അറിയിച്ചത്.
ചുവപ്പു പട്ടുസാരിയുടുത്ത് കഴുത്തില്‍ താലിമാലയും നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞുള്ള സെല്‍ഫിയാണ് ജോയ് ക്രിസില്‍ഡ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സെല്‍ഫിയില്‍ വിവാഹവേഷത്തിലുള്ള രംഗരാജിനേയും കാണാം. ഇതേ ചിത്രങ്ങള്‍ ക്രിസില്‍ഡ പ്രൊഫൈല്‍ ചിത്രമാക്കി. ക്യാപ്ഷനില്‍ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് രംഗരാജ്', എന്നും കുറിച്ചിട്ടുണ്ട്.
പിന്നാലെ, രംഗരാജ് ക്രിസില്‍ഡയെ ക്ഷേത്രത്തില്‍വെച്ച് സിന്ദൂരം അണിയിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇവ ക്രിസില്‍ഡ എക്സില്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. എക്സ് ബയോയില്‍ മദംപട്ടി രംഗരാജിന്റെ ഭാര്യ എന്നുകൂടി ക്രിസില്‍ഡ ചേര്‍ത്തു.
പിന്നാലെ, ഞായറാഴ്ച ക്രിസില്‍ഡ വീണ്ടും രംഗരാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. 'ബേബി ലോഡിങ് 2025' എന്ന ക്യാപ്ഷനില്‍ താന്‍ ആറുമാസം ഗര്‍ഭിണി ആണെന്ന് അറിയിച്ചുകൊണ്ടാണ് ചിത്രം. രംഗരാജും ക്രിസില്‍ഡയും വിവാഹവേഷത്തില്‍ മാലയണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് ഇവ.
തമിഴ് സിനിമാ മേഖലയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമാണ് ക്രിസില്‍ഡ. ഒരു സ്വകാര്യ ചാനലില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. മോഹന്‍ലാലും വിജയ്യും ഒന്നിച്ച 'ജില്ല', ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും പ്രധാനവേഷങ്ങളിലെത്തിയ 'വേലൈക്കാരന്', നിവിന്‍ പോളിയുടെ 'റിച്ചി' എന്നീ ചിത്രങ്ങളില്‍ ക്രിസില്‍ഡ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ജില്ല'യാണ് ആദ്യ ചിത്രം. 2018-ല്‍ സംവിധായകന് ജെ.ജെ. ഫ്രെഡ്രിക്കിനെ ക്രിസില്‍ഡ വിവാഹംചെയ്തിരുന്നു.
മദംപട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയാണ് മദംപട്ടി രംഗരാജ്. തമിഴ്നാട്ടില്‍ അറിയപ്പെടുന്ന ഷെഫ് ആയ രംഗരാജ് ടെലിവിഷന്‍ കുക്കറി ഷോയില്‍ ജഡ്ജ് ആയിരുന്നു. മെഹന്തി സര്‍ക്കസ്, പെന്ഗ്വിന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അഭിഭാഷകയായ ശ്രുതിയുമായി നേരെത്തെ വിവാഹിതനായ രംഗരാജിന് രണ്ട് മക്കളുണ്ട്. ക്രിസില്‍ഡയുടെ അവകാശവാദങ്ങള്‍ക്കിടെ, ശ്രുതി ഇപ്പോഴും തന്റെ സാമൂഹികമാധ്യമങ്ങളില്‍ 'രംഗരാജിന്റെ ഭാര്യ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.