ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കുടുംബത്തിനെതിരേ ഗുരുതര ആരോപണവുമായി സുഹൃത്ത്. രാധിക യാദവിന്റെ സുഹൃത്തും ടെന്നീസ് താരവുമായ ഹിമാന്‍ഷിക സിങ് രാജ്പുത് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. രാധികയെ കൊലപ്പെടുത്തിയ പിതാവ് ദീപക് യാദവ്, ജീവിതത്തിന്റെ എല്ലാമേഖലകളിലും അവളെ നിയന്ത്രിച്ചിരുന്നതായി ഹിമാന്‍ഷിക ആരോപിച്ചു.
''എന്റെ ഉറ്റസുഹൃത്ത് രാധികയെ അവളുടെ അച്ഛന് കൊലപ്പെടുത്തി. അഞ്ചുതവണയാണ് അയാള്‍ അവള്‍ക്കുനേരേ വെടിയുതിര്‍ത്തത്. നാല് വെടിയുണ്ടകള്‍ അവളുടെ ശരീരത്തില്‍ തുളച്ചുകയറി. അയാള്‍ അവളെ നിയന്ത്രിച്ച് വര്‍ഷങ്ങളോളം അവളുടെ ജീവിതം ദുരിതപൂര്‍ണമാക്കി'', ഹിമാന്‍ഷിക ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.വീട്ടില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാധിക യാദവ് നേരിട്ടതെന്നാണ് സുഹൃത്തിന്റെ ആരോപണം. ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാതാപിതാക്കള്‍ രാധികയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ടെന്നീസില്‍ രാധിക കരിയര്‍ പടുത്തുയര്‍ത്തിയത്. അതിനൊപ്പം സ്വന്തം ടെന്നീസ് അക്കാദമിയും സ്ഥാപിച്ചു. പക്ഷേ, അവള് സ്വതന്ത്രമായി ജീവിക്കുന്നത് അവര്‍ക്ക് സഹിക്കാനായില്ല. ഷോര്‍ട്സ് ധരിച്ചതിനും ആണ്‍കുട്ടികളോട് സംസാരിച്ചതിനും കുടുംബം അവളെ അപമാനിച്ചെന്നും സുഹൃത്ത് ആരോപിച്ചു.
2012 മുതലാണ് തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ടെന്നീസ് കളിക്കാന്‍ ആരംഭിച്ചത്. ഒരുമിച്ച് യാത്രചെയ്തു, ഒരുമിച്ച് മത്സരങ്ങളില്‍ പങ്കെടുത്തു. പക്ഷേ, ഒരിക്കലും കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളോടും അവള് സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ല. വീട്ടിലെ നിയന്ത്രണങ്ങള്‍ കാരണം അവള് വളരെ ഒതുങ്ങികൂടിയാണ് ജീവിച്ചത്. ചെയ്യുന്ന ഓരോ കാര്യത്തിനും അവള് കുടുംബത്തിനോട് മറുപടി പറയേണ്ടിയിരുന്നു. ഒരു വീഡിയോകോള്‍ ചെയ്താല്‍പോലും ആരോടാണ് സംസാരിക്കുന്നതെന്ന് മാതാപിതാക്കളെ കാണിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. ഇത്തരത്തില്‍ താനും ഫോണിലെ ക്യാമറയ്ക്ക് മുന്നില്‍വന്ന് അവളുടെ മാതാപിതാക്കളെ ബോധിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നതും ഫോട്ടോയെടുക്കുന്നത് അവള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. പക്ഷേ, പതിയെ അതും നിര്‍ത്തി. അവള് സ്വതന്ത്രയായി ജീവിക്കുന്നത് ഒരിക്കലും കുടുംബം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഹിമാന്‍ഷിക വെളിപ്പെടുത്തി.
അതേസമയം, രാധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലവ് ജിഹാദ് അഭ്യൂഹങ്ങളും ഹിമാന്‍ഷിക നിഷേധിച്ചു. ഇതിന് തെളിവ് എവിടെയാണെന്നും ആരോടും സംസാരിക്കാതെ ഒറ്റപ്പെട്ട് കഴിയുന്ന ആളായിരുന്നു രാധികയെന്നും സുഹൃത്ത് പറഞ്ഞു.
വ്യാഴാഴ്ചയാണ് സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് ദീപക് യാദവ് വീട്ടില്‍വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. തന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ദീപക് മകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. വീടിന്റെ മുകള്‍നിലയിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുകയായിരുന്ന രാധികയ്ക്കുനേരേ പിറകില്‍നിന്നാണ് പിതാവ് വെടിവെച്ചത്. അഞ്ചുതവണ വെടിയുതിര്‍ത്തു.
ദീപക്കിന്റെ സഹോദരന് വിജയ് യാദവും ഇദ്ദേഹത്തിന്റെ മകന് പീയുഷും ചേര്‍ന്നാണ് വെടിയേറ്റ രാധികയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. വീട്ടില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിജയ് യാദവ് പോലീസിന് നല്കിയ മൊഴി.അതേസമയം, ടെന്നീസ് മേഖലയിലെ രാധികയുടെ വളര്‍ച്ചയും സ്വന്തമായി വരുമാനം കണ്ടെത്തുന്നതുമാണ് പിതാവിനെ ചൊടിപ്പിച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. രാധിക ടെന്നീസില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി. ഇതിനൊപ്പം ടെന്നീസ് പരിശീലകയായും തിളങ്ങിയതോടെ വരുമാനവും വര്‍ധിച്ചു. അതിനിടെ മകളുടെ ചെലവിലാണ് ദീപക് ജീവിക്കുന്നതെന്ന് നാട്ടുകാര്‍ പ്രതിയെ പരിഹസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. അറസ്റ്റിലായ ദീപക് യാദവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.