രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക യാത്രക്കാരനാണ് വിശ്വാസ് കുമാര്‍ രമേഷ്. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 242 പേരുണ്ടായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ് കത്തിച്ചാമ്പലായപ്പോള്‍ അടിയന്തര വാതിലിന് സമീപമുള്ള 11 എ സീറ്റിലായിരുന്ന വിശ്വാസ് കുമാര്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യവാനായ വ്യക്തിയെന്നാണ് വിശ്വാസിനെ പലരും വിശേഷിപ്പിച്ചത്. എന്നാല്‍ ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും അതുണ്ടാക്കിയ കടുത്ത മാനസികാഘാതത്തില്‍ നിന്ന് വിശ്വാസ് ഇനിയും മുക്തനായിട്ടില്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് വിശ്വാസ് കുമാര്‍ ഓരോദിവസവും തള്ളിനീക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിനുശേഷം വൈകാരികമായി തകര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ഉറക്കത്തിനിടെ അര്‍ധരാത്രി വിശ്വാസ് ഞെട്ടിയുണരുന്നത് പതിവാണെന്ന് അദ്ദേഹത്തിന്റെ കസിന് സണ്ണി പറയുന്നു. ഞെട്ടിയുണര്‍ന്നാല്‍ പിന്നെ വീണ്ടും ഉറങ്ങുകയെന്നത് വിശ്വാസിന് ദുഷ്കരമാണ്.വിദേശത്തുള്ള ഞങ്ങളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര് വിശ്വാസിന്റെ കാര്യങ്ങള്‍ ചോദിച്ച് വിളിക്കാറുണ്ട്. എന്നാല്‍ അവന് ആരോടും ഒന്നും സംസാരിക്കാറില്ല. വിമാനാപകടവും ഒപ്പമുണ്ടായിരുന്ന സഹോദരന്റെ മരണവും ഉണ്ടാക്കിയ മാനസികാഘാതത്തെ അവന് ഇതുവരെ അതിജീവിച്ചിട്ടില്ല.' -സണ്ണി പറഞ്ഞു.
'ഇപ്പോഴും അവന് അര്‍ധരാത്രി ഉറക്കത്തിനിടെ ഞെട്ടിയുണരും. പിന്നീട് ഉറങ്ങാന്‍ അവന് പാടുപെടും. ഇതിന് പരിഹാരം തേടി രണ്ടുദിവസം മുമ്പ് ഞങ്ങള്‍ അവനെ സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയിരുന്നു. നിലവില്‍ ലണ്ടനിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചിട്ടില്ല. ചികിത്സ തുടങ്ങിയതല്ലേയുള്ളൂ.' -സണ്ണി കൂട്ടിച്ചേര്‍ത്തു.
വിമാനാപകടത്തിനുശേഷം അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന വിശ്വാസ് കുമാര്‍ ജൂണ്‍ 17-നാണ് ആശുപത്രി വിട്ടത്. അപകടത്തില്‍ കൊല്ലപ്പെട്ട സഹോദരന് അജയ്യിന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞശേഷം കുടുംബം ഏറ്റുവാങ്ങിയതും അതേദിവസമായിരുന്നു. രണ്ട് സഹോദരങ്ങളും ദിയുവിലുള്ള കുടുംബക്കാരെ സന്ദര്‍ശിച്ചശേഷം ലണ്ടനിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടമുണ്ടായത്. അന്ന് സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടെ പൊട്ടിക്കരഞ്ഞ വിശ്വാസ് കുമാറിന്റെ ദൃശ്യം നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.