ന്യൂഡല്‍ഹി: ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ. ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇതിലാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
271 പേര്‍ക്ക് ജീവന് നഷ്ടമായ ജൂണ്‍ 12-ലെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനാപകടം നടന്ന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു പരിശോധന. അപകടത്തിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ (ഫ്യുവല്‍ കണ്ട്രോള് സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ സ്വമേധയാ മുന്‍കരുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഫ്യുവല്‍ കണ്ട്രോള് സ്വിച്ച് അബദ്ധത്തില്‍ കട്ട് ഓഫ് പൊസിഷനിലാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിക്കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിരുന്നു. ഇതോടെ ജൂണ്‍ 14-ന് ഡിജിസിഎ, ജൂലായ് 21-നകം ചില വിമാന മോഡലുകളിലെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു.എയര്‍ ഇന്ത്യയും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ഡിജിസിഎ നിര്‍ദേശം പാലിച്ചിട്ടുണ്ടെന്ന് ടാറ്റ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ വ്യക്തമാക്കി. 'പരിശോധനകളില്‍, മേല്‍പ്പറഞ്ഞ ലോക്കിങ് സംവിധാനത്തില്‍ ഒരു പ്രശ്നവും കണ്ടെത്തിയില്ല. ജൂലൈ 12-ന് എയര്‍ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയും ഡിജിസിഎ നിശ്ചയിച്ച നിശ്ചിത സമയപരിധിക്കുള്ളില്‍ അവ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇത് റെഗുലേറ്ററെ അറിയിച്ചിട്ടുണ്ട്', അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബോയിങ് വിമാനങ്ങളിലെ ഫ്യുവല്‍ കണ്ട്രോള് സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം സുരക്ഷിതമാണെന്ന് യുഎസ് റെഗുലേറ്ററായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (എഫ്എഎ), ബോയിങ്ങും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വിച്ചുകള്‍ ഓഫായിരുന്നത് മനസ്സിലാക്കി പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.