ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ ഇന്ത്യന്‍ ഐടി ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). സിഇഒ കെ കൃതിവാസന് മണികണ്‍ട്രോളിന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മിഡില്‍, സീനിയര്‍ തലങ്ങളിലുള്ള ഏകദേശം 12,000-ത്തിലധികം ജീവനക്കാരെ നീക്കം ബാധിക്കും. സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കിടയില്‍ ഐടി കമ്പനിയെ കൂടുതല്‍ ചടുലമാക്കുന്നതിനും ഭാവിക്കുവേണ്ടി സജ്ജമാക്കാനുമാണ് നീക്കം എന്നാണ് വിശദീകരണം.
2026 സാമ്പത്തിക വര്‍ഷത്തില്‍ (2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ) ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കും. പ്രവര്‍ത്തന രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ടിസിഎസ് സിഇഒ കെ കൃതിവാസന് മണികണ്ട്രോളിനോട് പറഞ്ഞു. നിര്‍മിതബുദ്ധി (എഐ) പോലുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും പ്രവര്‍ത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും തങ്ങള്‍ ചര്‍ച്ചചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍തോതില്‍ എഐ വിന്യസിക്കുകയാണെന്നും ഭാവിയെക്കുറിച്ച് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍നിയമനം ഫലപ്രദമല്ലാത്ത ചില തസ്തികകള്‍ കണ്ടെത്തിയിട്ടുണ്ട്. നീക്കം ആഗോള തലത്തിലുള്ള ജീവനക്കാരില്‍ ഏകദേശം 2 ശതമാനം പേരെ ബാധിക്കും. പ്രധാനമായും മിഡില്‍, സീനിയര്‍ തലങ്ങളിലുള്ളവരെയാവും ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് 2025 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 6,071 ജീവനക്കാരെ പുതുതായി നിയമിച്ചിരുന്നു. ഇതോടെ 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് ടിസിഎസിലെ ആകെ ജീവനക്കാരുടെ എണ്ണം 6,13,069 ആയി. കമ്പനി ഈ വര്‍ഷം 4 ശതമാനത്തിനും 8 ശതമാനത്തിനും ഇടയില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധനവായിരിക്കും ഇത്.
ടിസിഎസ് 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനവും, 2023 സാമ്പത്തിക വര്‍ഷത്തില്‍ 6-9 ശതമാനവും, 2024 സാമ്പത്തിക വര്‍ഷത്തില്‍ 7-9 ശതമാനവും ശമ്പള വര്‍ധനവ് നല്‍കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനി ജൂലായ് 10-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 ജൂണ്‍ 30-ന് അവസാനിച്ച ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 12,760 കോടി രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 5.98 ശതമാനം വര്‍ധനവാണ്. പാദാടിസ്ഥാനത്തില്‍ അറ്റാദായം 4.38 ശതമാനം വര്‍ധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.