ന്യൂഡൽഹി: അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാൻ അനുവദിക്കാതെ തടസ്സമുണ്ടാക്കി. ഒടുവിൽ രക്ഷയ്ക്കായി എത്തിയത് അഗ്നിശമന സേനയും. സൂറത്തിൽ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്. വിമാനത്തിൽ ആളുകൾ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്.
വൈകുന്നേരം 4.20-ന് സൂറത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർബസ് എ320 വിമാനം ഒടുവിൽ തേനീച്ച പ്രശ്നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര ആരംഭിച്ചത്. പ്രശ്നം ആരംഭിക്കും മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുന്നതിനിടെയാണ് തേനീച്ചക്കൂട്ടം തുറന്ന ലഗേജ് ഡോറിന് സമീപം തമ്പടിച്ചത്. ഇവയെ എങ്ങനെ ഒഴിവാക്കുമെന്ന കാര്യത്തിൽ ജീവനക്കാർക്കും ആശങ്കയായി. വിമാനത്താവള ജീവനക്കാർ ആദ്യം പുക ഉപയോഗിച്ച് തേനീച്ചകളെ ഓടിക്കാൻ ശ്രമിച്ചു.എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഇതിന് പിന്നാലെ ഒരു അഗ്നിരക്ഷാ വാഹനം റൺവേയിലെത്തി ലഗേജ് ഡോറിലേക്ക് വെള്ളം ചീറ്റി. ഇതോടെയാണ് ഒടുവിൽ, തേനീച്ചകൾ സ്ഥലം വിട്ട് പറന്നുപോയത്. ഒരു മണിക്കൂറിന് ശേഷം വിമാനം പുറപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇൻഡിഗോയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.