കോഴിക്കോട് : എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ റാലിയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനായി മെഡിക്കൽ കോളജ് ക്യാംപസ് ഗവ. എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിന് പ്രധാന അധ്യാപകൻ അവധി നൽകിയ സംഭവത്തിൽ സ്കൂളിന് അനുകൂലമായ റിപ്പോർട്ടുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസ്(ഡിഇഒ).
സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് പ്രധാന അധ്യാപകൻ ഹൈസ്കൂൾ വിദ്യാർഥികൾക്ക് അവധി നൽകിയതെന്നാണ് കോഴിക്കോട് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ഡിഡിഇ ഈ റിപ്പോർട്ട് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഡയറക്ടർ ആണ് തുടർനടപടിയെടുക്കുക.എസ്എഫ്ഐക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വിട്ടതെന്നും പൊലീസിനെ വിളിച്ചാലും സഹായിക്കില്ലെന്ന ബോധ്യത്തിലാണ് അങ്ങനെ ചെയ്തതെന്നും പ്രധാന അധ്യാപകനായ ടി.സുനിൽ തിങ്കളാഴ്ച മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. പൊതുസമ്മേളനത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ ടൗൺ ഏരിയ കമ്മിറ്റി നൽകിയ കത്ത് ഇതോടൊപ്പം പുറത്തുവന്നിരുന്നു. എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലെത്തി കത്തു നൽകിയെങ്കിലും സ്കൂൾ വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായും സമ്മർദം ശക്തമായതോടെ മറ്റു വഴിയില്ലാതെയാണ് വിദ്യാർഥികളെ വിട്ടതെന്നും പ്രധാനാധ്യാപകൻ വ്യക്തമാക്കി.സംഭവത്തിൽ പ്രതിപക്ഷ വിദ്യാർഥി സംഘടനകളായ കെഎസ്‌യു, എംഎസ്എഫ്, എബിവിപി നേതാക്കൾ പ്രസ്താവനകളിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10.30 നാണ് ഹൈസ്‌കൂള്‍ വിഭാഗം ക്ലാസുകൾക്ക് പ്രധാന അധ്യാപകൻ അവധി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സമാപനസമ്മേളനത്തിലും അനുബന്ധ റാലിയിലും പങ്കെടുക്കാനാണ് സർക്കാർ സ്കൂളിലെ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് അവധി നൽകാൻ എസ്എഫ്ഐ കത്തുനൽകിയതെന്നായിരുന്നു ആക്ഷേപം. തിങ്കളാഴ്ച സ്‌കൂളിന് അവധി നല്‍കിയേക്കുമെന്ന സൂചന നല്‍കി പ്രധാനാധ്യാപകന്‍ ഞായറാഴ്ച രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും സന്ദേശം അയച്ചിരുന്നു. 10.30 കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും തിരിച്ചുപോകാവൂ എന്നാണ് ഈ സന്ദേശത്തില്‍ അഭ്യർഥിച്ചിരുന്നത്.
വിദ്യാർഥികൾക്ക് അവധി നൽകി എസ്എഫ്ഐ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് വി.ടി.സൂരജിന്റെ നേതൃത്വത്തിൽ കെഎസ്‌യു പ്രകടനം നടത്തിയതിനെ തുടർന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്ന് സംഭവത്തിൽ റിപ്പോർട്ട് തേടാൻ ഡിഡിഇ കെ.ശിവദാസൻ നിർദേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.