ന്യൂഡല്‍ഹി: ടെന്നീസ് താരം രാധികാ യാദവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിയും പിതാവുമായ ദീപക് യാദവിന്റെ കുറ്റസമ്മത മൊഴി പുറത്ത്. മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് തനിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നെന്നും തന്റെ അഭിമാനത്തെ അത് മുറിവേല്‍പ്പിച്ചുവെന്നും ദീപക് യാദവ് പോലീസിനോട് പറഞ്ഞു. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വസീറാബാദിലെ നാട്ടുകാര്‍ നിരന്തരം പരിഹസിച്ചിരുന്നതായും, മകള്‍ നടത്തിയിരുന്ന ടെന്നീസ് അക്കാദമി നിര്‍ത്താന്‍ പലതവണ അവളോട് ആവശ്യപ്പെട്ടിരുന്നതായും ദീപക് പോലീസിനോട് പറഞ്ഞു.എന്നാല്‍ ടെന്നീസ് അക്കാദമിയെ ചൊല്ലിയാണ് ദീപക് മകളെ കൊലപ്പെടുത്തിയതെന്ന വാദം അദ്ദേഹത്തിന്റെ പരിചയക്കാര് നിഷേധിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാസം 15 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ ദീപക്കിന് വരുമാനമുണ്ടായിരുന്നു. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലായി പതിനായിരങ്ങള്‍ വാടക ലഭിക്കുന്ന നിരവധി കെട്ടിടങ്ങളും ഉണ്ട്. ഗുരുഗ്രാമില്‍ ആഡംബര ഫാം ഹൗസും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും പണമുള്ളയാളെ മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന് പറഞ്ഞ് ആരെങ്കിലും പരിഹസിക്കുമോ എന്ന് ഗ്രാമവാസിയായ ഒരാള്‍ ചോദിച്ചു.
'ദീപക് വളരെ പരിഷ്കൃതനായ ഒരു മനുഷ്യനാണ്. മകളെ ടെന്നീസ് പഠിപ്പിക്കാന്‍ വേണ്ടി എന്ത് ത്യാഗവും ചെയ്തിരുന്നു. മകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ടെന്നീസ് റാക്കറ്റുകള്‍ വാങ്ങി നല്കി. മകളെ വളരെയധികം സ്നേഹിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ ടെന്നീസിനോ ടെന്നീസ് അക്കാദമിയോ ആയിരിക്കില്ല കാരണം. വ്യക്തിപരമായ കാരണമായിരിക്കാം,' ദീപകിന്റെ സുഹൃത്ത് പറഞ്ഞു.
അതേസമയം മകൾ സ്വതന്ത്രമായി പണം സമ്പാദിക്കുന്നതിലും മറ്റും ദീപക്കിന് അസംതൃപ്തി ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍ ഒരു ഇരുനില വീട്ടിലാണ് രാധിക തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്. അമ്മാവനായ കുല്‍ദീപ് യാദവ്, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്.
സംഭവദിവസം, കുല്‍ദീപ് വലിയ ശബ്ദം കേട്ടാണ് ഒന്നാം നിലയിലേക്ക് ഓടിച്ചെന്നത്. അവിടെ അടുക്കളയില്‍ രാധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് പറയപ്പെടുന്ന തോക്ക് സ്വീകരണമുറിയിലും ഉണ്ടായിരുന്നു.
കുല്‍ദീപും മകന് പിയൂഷും ഉടന്‍ രാധികയെ അവരുടെ വാഹനത്തില്‍ കയറ്റി സെക്ടര്‍ 56-ലെ ഏഷ്യ മാറിംഗോ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ അവള് മരിച്ചതായി സ്ഥിരീകരിച്ചു. കുറ്റകൃത്യം നടക്കുമ്പോള്‍ രാധിക, ദീപക്, ഭാര്യ മഞ്ജു എന്നിവര്‍ മാത്രമേ ഒന്നാം നിലയിൽ ഉണ്ടായിരുന്നുള്ളൂവെന്ന് കുല്‍ദീപ് മൊഴി നല്കി.അതേസമയം ദീപകിന്റെ ഭാര്യ മഞ്ജു ഇതുവരെയും പോലീസിന് മൊഴി നല്കാന് തയ്യാറായിട്ടില്ല. തനിക്ക് അസുഖമാണെന്നാണ് അവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.