കോട്ടയം: കനത്ത മഴയിലും കാറ്റിലും മധ്യകേരളത്തിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെല്ലാം കനത്ത മഴയിലും മിന്നൽച്ചുഴലിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് കോട്ടയം ജില്ലയിലാണ്. വൈക്കം റെയിൽവേ സ്റ്റേഷനിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പാലാ, മീനടം, കുമരകം എന്നിവിടങ്ങളിലും നിരവധി മരങ്ങൾ കടപുഴകി വീണു, ഇത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ഇടുക്കി ജില്ലയിൽ ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. കുമളി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് തമിഴ്നാട് കെ.ജി. പെട്ടി സ്വദേശി സുധ (50) എന്ന തൊഴിലാളി മരിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
പത്തനംതിട്ടയിലെ റാന്നിയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീഴുകയും കെ.എസ്.ഇ.ബി.യുടെ വൈദ്യുത പോസ്റ്റുകൾ തകരുകയും ചെയ്തു. തൃശ്ശൂർ മാളയിലും കോഴിക്കോട് തലക്കുളത്തൂരും മിന്നൽച്ചുഴലി വലിയ നാശനഷ്ടങ്ങളുണ്ടാക്കി. തലക്കുളത്തൂരിൽ മരങ്ങൾ കടപുഴകി വീഴുകയും നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മലപ്പുറം വേങ്ങരയിലും കൊച്ചി കളമശ്ശേരിയിലും മിന്നൽച്ചുഴലിയെത്തുടർന്ന് മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കൊല്ലം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴകി വീണ് അഞ്ചൽ-കുളത്തൂപ്പുഴ പാതയിൽ പതിനൊന്നാം മൈലിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ജനപ്രതിനിധികളും പ്രതിഷേധത്തിന് നേതൃത്വം നൽകി. പോലീസും നാട്ടുകാരുമായി വാക്കേറ്റമുണ്ടായെങ്കിലും പിന്നീട് പോലീസ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.