കൊച്ചി : രാജ്യാന്തര ലഹരി മാഫിയയുടെ പ്രധാന കടത്തു കേന്ദ്രങ്ങളിലൊന്നായി കേരളത്തിലെ വിമാനത്താവളങ്ങള്‍ മാറുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളെ പിടികൂടിയ സംഭവം.
17 കോടി രൂപയോളം വില വരുന്ന 1.67 കിലോഗ്രാം കൊക്കെയ്നാണ് ദമ്പതികളിൽനിന്ന് പിടിച്ചെടുത്തത്. മുൻപ് നടന്ന മറ്റു കേസുകളിലേതു പോലെ കൊക്കെയ്ൻ ക്യാപ്സൂളുകളാക്കി വിഴുങ്ങിയാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയതും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ)ന്റെ പിടിയിലാകുന്നതും. എന്തായാലും കേരളത്തിലേക്കു വന്ന ‘പാഴ്സൽ’ അല്ല ഇതെന്നാണ് ഡിആർഐ വൃത്തങ്ങൾ വിശ്വസിക്കുന്നത്. മറിച്ച് കൊച്ചിയിൽ എത്തിച്ച് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കിൽ രാജ്യത്തിനു പുറത്തേക്കോ കടത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്നാണ് അവരുടെ കണക്കുകൂട്ടൽ.
കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള രാസലഹരികൾ കൂടുതലായി എത്തുന്നത് ബെംഗളുരുവിൽനിന്നും ഡൽഹിയിൽ നിന്നുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ലഹരിയുടെ നല്ല പങ്കും എത്തുന്നത് കൊച്ചിയും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ്. അവിടെ നിന്നാണ് മറ്റു പ്രദേശങ്ങളിലേക്കുള്ള കൈമാറ്റം നടക്കുന്നത്. ആഭ്യന്തരമായി ഇത്തരത്തിൽ വർധിച്ചു വരുന്ന ലഹരി ഇടപാടുകൾക്കു പുറമെയാണ് രാജ്യത്തിനു പുറത്തു നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിക്കുന്ന ലഹരി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കടത്തുന്നത്. മുംബൈ, ബെംഗളുരു, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ പരിശോധന കൂടുതലായതിനാലും ഭൂമിശാസ്ത്രപരമായി പ്രധാനപ്പെട്ട പ്രദേശം എന്ന നിലയിലും കൊച്ചി ലഹരി കടത്തു സംഘത്തിന് ഏറെ പ്രധാനമാണ്.
കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ 29 കോടി രൂപയുടെ ലഹരി മരുന്നാണ് ഡിആർഐയുടെ കൊച്ചി യൂണിറ്റ് മാത്രം പിടികൂടിയത്. അതിൽ ഏറ്റവും വലുതായിരുന്നു കഴിഞ്ഞയാഴ്ച ബ്രസീൽ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ബ്രൂണ ഗബ്രിയേൽ എന്നിവരിൽ നിന്ന് 17 കോടിയുടെ കൊക്കെയ്ൻ പിടിച്ച സംഭവം. ബ്രൂണ ഗർഭിണിയുമായിരുന്നു. 163 കാപ്സൂളുകളാണ് ഇരുവരും വിഴുങ്ങിയിരുന്നത്. 3 ദിവസമെടുത്തു ഇതെല്ലാം പുറത്തെടുക്കാനും. വെറും 3 ലക്ഷം രൂപ പ്രതിഫലം പറ്റിയായിരുന്നു ഇവരുടെ ലഹരി കടത്ത്. എന്നാൽ അന്വേഷകരെ കുഴപ്പിച്ച പ്രധാന കാര്യം ആർക്കാണ് ഈ ലഹരി കൈമാറേണ്ടത് എന്നത് ഇവർക്ക് അറിയില്ലായിരുന്നു എന്ന പ്രാഥമിക വിവരമാണ്. കാരണം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലിൽ വിശ്രമിക്കാനായിരുന്നു അവർക്ക് ലഭിച്ചിരുന്ന നിർദേശം. ആർക്ക്, എവിടെ കൈമാറണമെന്നൊക്കെ പിന്നീട് അറിയിക്കുമെന്നും. എന്തായാലും ആർക്കു വേണ്ടിയാണ് ഇത് എത്തിച്ചത് എന്ന് വൈകാതെ കണ്ടെത്താൻ കഴിയുമെന്നാണ് ഡിആർഐയുടെ പ്രതീക്ഷ.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ലാറ്റിനമേരിക്കൻ ലഹരി കാർട്ടലുകൾ കൊച്ചി പ്രധാന കടത്തു കേന്ദ്രമായി ഉപയോഗിക്കുന്നു എന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങൾക്കു പുറമെ തായ്‍ലൻഡ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന കൊക്കെയ്ന്‍ കൊച്ചി വഴി കടന്നു പോകുന്നുണ്ട്. 10 വർഷത്തിനിടെ ഒട്ടേറെ കേസുകൾ കൊച്ചിയിൽ പിടിയിലാകുന്നുമുണ്ട്. ലഹരിയുമായി കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം ആഭ്യന്തര സർവീസ് വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് പറക്കുന്നതും ഏറി വരുന്നു. ഇടയ്ക്കിടെ പിടികൂടുന്നുണ്ടെങ്കിലും അതിൽ എത്രയോ ഇരട്ടിയാണ് വിമാനത്താവളം വഴി കടന്നുപോകുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. മൂവാറ്റുപുഴ എന്ന താരതമ്യേന ചെറിയ പ്രദേശത്തിരുന്ന് ഡാർക്ക്നെറ്റ് വഴി രാജ്യത്തെ എൽഎസ്‍ഡി കച്ചവടത്തിന് നേതൃത്വം നല്‍കിയ എഡിസൺ ബാബു നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ പിടിയിലായിട്ട് അധികമായിട്ടില്ല എന്നതും പ്രധാനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.