ആഗോളതലത്തിൽ തന്നെ മരണനിരക്ക് വർധിപ്പിക്കുന്ന രോഗങ്ങളിൽ മുന്നിലാണ് ശ്വാസകോശ അർബുദത്തിന്റെ സ്ഥാനം. പുകവലിയും, നിഷ്ക്രിയ പുകവലിയുമൊക്കെ(Passive Smoking) ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ശ്വാസകോശ അർബുദങ്ങളിൽ 10-30 ശതമാനവും പുകവലി ഇല്ലാത്തവരിലാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ കണ്ടെത്തലുകൾ പലർക്കും അപ്രതീക്ഷിതവും ആശങ്കാജനകവുമാണ്. ഈ രീതിയിൽ പുകവലി ഇല്ലാത്തവരെ ബാധിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
നിഷ്ക്രിയ പുകവലി സിഗരറ്റ് വലിക്കുന്നവർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നതിനെയാണ് നിഷ്ക്രിയ പുകവലി അഥവാ പരോക്ഷ പുരവലി എന്ന് പറയുന്നത്. നിങ്ങൾ പുക വലിക്കുന്നില്ലെങ്കിലും പരോക്ഷമായി ഈ പുക ആവർത്തിച്ച് ശ്വസിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.
പരോക്ഷമായി പുക ശ്വസിക്കുന്ന പുകവലിക്കാത്തവർക്കിടയിൽ ഓരോ വർഷവും ആയിരക്കണക്കിന് മരണങ്ങൾക്ക് ശ്വാസകോശാർബുദം കാരണമാകുന്നു. വീടുകൾ, കാറുകൾ, ഓഫീസുകൾ തുടങ്ങി അടച്ചിട്ട സ്ഥലങ്ങളിൽ പുക അടിഞ്ഞുകൂടും എന്നതിനാൽ പുകവലിക്കുന്നവരോടൊപ്പം ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകൾക്ക് ഇത് അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു. പുകയുമായുള്ള സമ്പർക്കം കാരണം, സ്ഥിരമായി പുകവലിക്കുന്നവരുമായി ഇടപഴകുന്ന പങ്കാളികൾക്കും കുട്ടികൾക്കും ശ്വാസകോശാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായുമലിനീകരണം വാഹനങ്ങൾ, ഫാക്ടറികൾ, പവർ പ്ലാന്റുകൾ, കൂടാതെ ഇന്ധനം കത്തിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നാണ് വായുമലിനീകരണം ഉണ്ടാകുന്നത്. വായുവിലെ ചെറിയ വിഷകണികകളുമായും വാതകങ്ങളുമായും ദീർഘകാലം സമ്പർക്കം പുലർത്തുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മോശം വായുഗുണനിലവാരമുള്ള പ്രദേശങ്ങളിലെ പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിച്ചുവരുന്നുണ്ട്.
പുറത്തുള്ള വായുമലിനീകരണം ശ്വാസകോശത്തിലെ ടിഷ്യുവിനെ ബാധിക്കുന്നു. ജനിതക മാറ്റങ്ങൾക്കും ഈ മലിനീകരണം വഴിവയ്ക്കുന്നു. ഇവ രണ്ടും ശ്വാസകോശാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിറക്, കരി പോലെ പാചകത്തിനായി ബയോമാസ് ഇന്ധനങ്ങൾ(biomass fuels) ഉപയോഗിക്കുന്ന വീടുകളിൽ ശരിയായ വായുസഞ്ചാരമില്ലാത്തതും അപകടമുണ്ടാക്കുന്നു. ഇത് ഇൻഡോർ മലിനീകരണത്തിന് കാരണമാകും. ഈ രീതിയിൽ വീടിനകത്ത് പുകയുണ്ടാകുന്ന ആരോഗ്യത്തിന് ഭീഷണിയാണ്.
തൊഴിൽപരവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ തൊഴിലിനിടയിലും ചുറ്റുപാടുകളിൽ നിന്നും കാൻസറിന് കാരണമാകുന്ന വസ്തുക്കളുമായി സമ്പർക്കം ഉണ്ടാകുന്നതും പ്രശ്നമാണ്. ഉദ്ദാഹരണത്തിന് നിർമാണത്തിനും ഉത്പാദനത്തിനും ഉപയോഗിക്കുന്ന ആസ്ബറ്റോസ് ഫൈബറുകൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശ്വാസകോശാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഖനികളിലും ഫാക്ടറികളിലും മറ്റ് നിർമാണ സ്ഥലങ്ങളിലും കാണപ്പെടുന്ന അപകടകരമായ വസ്തുക്കളുടെ സാന്നിധ്യവും ഈ സാധ്യത വർധിപ്പിക്കുന്നു.
ജനിതക ഘടകങ്ങൾ പാരിസ്ഥിതികമായ കാരണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ശ്വാസകോശ അർബുദത്തിന്റെ ഘടകങ്ങൾ. ചില സന്ദർഭങ്ങളിൽ ഒരു വ്യക്തിയുടെ ജീനുകളിൽ സംഭവിക്കുന്ന മ്യൂട്ടേഷനുകൾ ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്ക് കാരണമായേക്കാം. അർബുദത്തിന്റെ വളർച്ചയും ചികിത്സയോടുള്ള പ്രതികരണവും ഈ മ്യൂട്ടേഷനുകളെ ആശ്രയിച്ചിരിക്കും. ഈ ജനിതക മാറ്റങ്ങൾ സ്ത്രീകളിലും ഏഷ്യൻ വംശജരിലും കൂടുതലായി കാണപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.