തിരുവനന്തപുരം: വീട്ടുജോലിക്കുനിന്ന ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയതിന് വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്തു. അവഹേളനം നേരിട്ട ആർ. ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ഉത്തരവനുസരിച്ചാണ് നടപടി.
വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരേയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു. വ്യാജപരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.
വീട്ടുജോലിക്കാരിയാണ് ആർ. ബിന്ദു. ഇവർക്കെതിരേ അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ മാല മോഷണത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18-നാണെങ്കിലും പരാതി നൽകിയത് 23-നായിരുന്നു. വീട്ടിൽ അറിയിക്കാതെ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാർ സ്റ്റേഷനിലിരുത്തി ഒരു രാത്രി മുഴുവൻ ചോദ്യംചെയ്തു. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചു. എസ്‌ഐയും എഎസ്‌ഐയും ചേർന്ന് ക്രൂരമായി മാനസികപീഡനത്തിന് ഇരയാക്കിയെന്നാണ് ബിന്ദുവിന്റെ പരാതി.
സംഭവം വിവാദമായതോടെ, കന്റോൺമെന്റ് എസിപി നടത്തിയ അന്വേഷണത്തിൽ പോലീസുകാർ അധികാരംവിട്ടുള്ള നടപടികളെടുത്തെന്ന് കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.