തൃശ്ശൂര്‍: ഇടക്കിടെ മണ്ണും മനവും തണുപ്പിച്ച് ചാറ്റല്‍മഴ പെയ്തുകൊണ്ടേയിരുന്നു. രാവിലെ പതിവു കുളിയും കുറിയിടലും പാസാക്കി പുന്നത്തൂര്‍ക്കോട്ടയുടെ വടക്കേ മുറ്റത്ത് ഗജരാജ പ്രതാപികള്‍ നിരന്നു. ജൂനിയര്‍ വിഷ്ണുവും ബാലുവും ശങ്കരനാരായണനും ആദ്യമെത്തി നില്‍പ്പുറപ്പിച്ചു. പിന്നാലെ കണ്ണന്റെ കണ്ണിലുണ്ണികള്‍ കെട്ടുതറകളില്‍നിന്ന് വരിവരിയായി വന്നു തുടങ്ങി.
ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയില്‍ സുഖചികിത്സ തുടങ്ങുകയാണ്. ആനക്കോട്ടയിലെ തലയെടുപ്പുള്ള കൊമ്പന്മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം കൂടിയാണിത്. ആനകളുടെ ശരീരപുഷ്ടിക്കും ഓജസിനും തിരുവാതിരഞാറ്റുവേലയിലും കര്‍ക്കടകത്തിലും സുഖചികിത്സ തുടരും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും തേച്ചുകുളിയുമൊക്കെയായി സുഖചികിത്സ ഒരുമാസം നീളും.കൊമ്പന് വിനായകന് മരുന്നുരുള നല്കി സുഖചികിത്സയുടെ ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് വി.കെ. വിജയന് അധ്യക്ഷനായി. എന്‍.കെ. അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലജാ സുധന്, ഭരണസമിതിയംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.ആനയെ അറിഞ്ഞ് ചികിത്സ
ആരോഗ്യനിലയും ശരീരശാസ്ത്രവും മനസ്സിലാക്കി ആനചികിത്സാവിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് ചികിത്സാരീതികള്‍. ഇതനുസരിച്ചാണ് നല്കുന്ന ഭക്ഷണത്തിന്റെ അളവും കണക്കാക്കുന്നത്. ഹസ്ത്യായുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയിട്ടുള്ള ഭക്ഷണക്കൂട്ടാണ് സുഖചികിത്സക്കാലത്തെ മെനു. ആയുര്‍വേദവും അലോപ്പതിയും ചേര്‍ന്നുള്ള ചികിത്സരീതികളാണ് പിന്തുടരുന്നത്.
മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോ വീതം ചെറുപയറും മുതിരയും. 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പ്പൊടി തുടങ്ങിയവയ്ക്കൊപ്പം വൈറ്റമിന്‍ ടോണിക്കുകളും ദൈനംദിന മെനുവില്‍ ഉള്‍പ്പെടും. ഇതിനു പുറമേ പനമ്പട്ടയും പുല്ലുമുണ്ട്.
ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്. രാവിലെയും വൈകീട്ടും നടത്തമാണ് പ്രധാന വ്യായാമം. രക്തപ്രവാഹം ക്രമീകരിക്കാനാണ് തേച്ചുകുളി.
ദഹനപ്രക്രിയ നടക്കാന്‍ അഷ്ടചൂര്‍ണമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലി ഒഴിച്ചാല്‍ പുറം എഴുന്നെള്ളിപ്പുകളൊന്നുമില്ലാത്തതിനാല്‍ സുഖചികിത്സ നടത്താന്‍ ഈ സമയം വിനിയോഗിക്കാം. പല കൊമ്പന്മാരും ഇപ്പോള്‍ മദപ്പാടിലായതിനാല്‍ നീരിലുള്ളവയ്ക്ക് നീരില്‍നിന്ന് മാറിയ ശേഷം സുഖചികിത്സ നടത്തും.36 ആനകളുടെ സുഖചികിത്സയ്ക്കായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ആനചികിത്സവിദഗ്ധരായ ഡോ. പി.ബി. ഗിരിദാസ്, ഡോ. ടി.എസ്. രാജീവ്, ഡോ. എം.എന്‍. ദേവന് നമ്പൂതിരി, ഡോ. കെ. വിവേക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികിത്സ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.