ഇത് നിശ്ചയദാർഢ്യത്തിന്റെ കഥ : വലതു കൈ പൂർണമായും നഷ്ടപ്പെട്ടിട്ടും തളരാതെ പോരാടി അക്കൗണ്ടന്റ് ജനറലായി അഖില

തിരുവനന്തപുരം : അപകടത്തിൽ വലതുകൈ പൂർണമായും നഷ്ടപ്പെട്ടിട്ടും തളരാതെ പോരാടിയ നിശ്ചയദാർഢ്യത്തിന്റെ പേരാണ് ബി.എസ്. അഖില. ഇടതു കൈ ഉയർത്തി വിജയചിഹ്നം കാട്ടി അഖില തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കു പ്രവേശിക്കുകയാണ്. ജൂലൈ 23 ബുധനാഴ്ച രാവിലെ 9ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി അഖില ഐഎ ആൻഡ് എഎസ് സ്ഥാനമേൽക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്രധാനാധ്യാപകനും എകെഎസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന താളിക്കുഴി ബിഎസ് നിവാസിൽ കെ. ബുഹാരിയുടെയും സജീനയുടെയും മകളാണ് താളിക്കുഴി എന്ന കൊച്ചുഗ്രാമത്തിന്റെ പേര് വാനോളം ഉയർത്തിയ അഖില.

2000 സെപ്റ്റംബർ 11നായിരുന്നു അഖിലയുടെ ജീവിതം മാറ്റിമറിച്ച ബസ് അപകടം. വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയി. കൃത്രിമക്കൈ പിടിപ്പിക്കാൻ പുണെയിൽ കരസേനയുടെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിൽ എത്തിച്ചെങ്കിലും ജർമനിയിലേക്കു പോകേണ്ടി വരുമെന്നായിരുന്നു മറുപടി. ഒടുവിൽ ജർമൻ സംഘം മുംബൈയിലെത്തി പരിശോധിച്ചെങ്കിലും അവരും നിസ്സഹായരായിരുന്നു. നോർ‌ക്കയുടെയും ഒരു സന്നദ്ധസംഘടനയുടെയും സഹായത്തോടെ ഏഴാം വയസ്സിൽ യുഎസിലെ ഹൂസ്റ്റണിൽ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം മുറിഞ്ഞതിനാൽ കൃത്രിമക്കൈ പറ്റില്ലെന്ന് അവരും വിധിയെഴുതി. ഇതിനിടെ ഒരു വർഷത്തോളം പഠനം തടസ്സപ്പെട്ടെങ്കിലും എഴുത്ത് ഉൾപ്പെടെ വലംകൈകൊണ്ടു ചെയ്തിരുന്നതെല്ലാം അഖില ഇടംകൈകൊണ്ടു ശീലിച്ചു.

ജർമൻ സംഘത്തിന്റെ ആ വാക്കുകൾ

മകളുടെ അവസ്ഥ കണ്ട ജർമൻ സംഘത്തിന്റെ വാക്കുകളാണ് അച്ഛനെയും മകളെയും ആത്മവിശ്വാസത്തിലേക്ക് നയിച്ചത്. “നിങ്ങളുടെ നാട്ടിൽ ഇങ്ങനൊരു അവസ്ഥ കണ്ടാൽ- അയ്യോ പാവം. ഇനിയെങ്ങനെ ജീവിക്കും എന്നൊക്കെയാണ് പറയുക. പക്ഷേ, ഞങ്ങൾ ഒരു കൈയുള്ള കുട്ടിയെ കണ്ടാൽ ആ ഒരു കൈകൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് ചിന്തിക്കും. അതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം” -അതായിരുന്നു ജർമൻ വൈദ്യസംഘത്തിന്റെ വാചകം.

സാധാരണ കുട്ടികളെക്കാൾ മുകളിലെത്താൻ തനിക്കാവുമെന്ന ആത്മവിശ്വാസം ചെറുപ്പംമുതൽ അഖിലയ്‌ക്ക്‌ അച്ഛൻ ബുഹാരിയും അമ്മ സജീനയും പകർന്നുനൽകി. യുകെജിയിൽ പഠിക്കുമ്പോൾത്തന്നെ ഓൾ ഇന്ത്യാ സ്കോളർഷിപ്പ് നേടി അഖില വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കല്ലറ എംടിഎം സ്കൂൾ, പട്ടം സെന്റ് മേരീസ് എന്നിവിടങ്ങളിൽനിന്ന് ഫുൾ എ പ്ലസോടെ പഠിച്ചിറങ്ങി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലറ എംടിഎം സ്കൂളിലെ അധ്യാപകൻ അനിൽകുമാറാണ് സിവിൽ സർവീസ് എന്ന സ്വപ്നം മനസ്സിൽ പാകിയത്. ഹയർ സെക്കൻഡറിക്ക് 1200 ൽ 1196 മാർക്കാണ് നേടിയത്. തുടർന്ന് ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ പഠിക്കുന്ന കാലത്ത് അവിടെ ബാഡ്മിന്റൻ താരവുമായി. ചെന്നൈ ഐഐടിയിൽ 24-ാം റാങ്കോടെ ആയിരുന്നു ഹ്യുമാനിറ്റീസ് പിജി പ്രവേശനം. പിജി കഴിഞ്ഞ് ബെംഗളൂരുവിലും തിരുവനന്തപുരത്തുമായി സിവിൽ സർവീസ് പരിശീലനം. സോഷ്യോളജിയായിരുന്നു ഓപ്ഷൻ. 2022ൽ മൂന്നാം തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോഴായിരുന്നു 760ാം റാങ്ക് നേടിയത്. ആദ്യ 2 തവണയും ഇന്റർവ്യൂ വരെയെത്തിയിരുന്നു.

2 വർഷത്തെ പരിശീലനം

ഷിംലയിലെ 2 വർഷത്തെ പരിശീലനത്തിൽ ഓഡിറ്റിങ്ങിനെപ്പറ്റിയും അക്കൗണ്ടിങ്ങിനെപ്പറ്റിയും ക്ലാസുകൾ ഉണ്ടായിരുന്നു. ആർബിഐ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് മാനേജ്മെന്റ് ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽനിന്നു പരിശീലനം ലഭിച്ചു. മൂന്നാഴ്ച ഭാരത് ദർശൻ യാത്രയിലും ട്രെക്കിങ്ങുകളിലും പങ്കാളി ആയി. പരിശീലനത്തിന്റെ അവസാന കാലയളവിൽ ഹിമാലയത്തിലേക്കും ട്രെക്കിങ് നടത്തി. ലേ ലഡാക്കിലേക്കും യാത്ര നടത്തി.

‘‘സിവിൽ സർവീസ് എന്ന് പറഞ്ഞാൽ ഐഎഎസും ഐപിഎസുമാണ് പൊതുസമൂഹത്തിന് അറിയാവുന്നത്. സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് ഐഎ ആൻഡ് എഎസിന്റെ ദൗത്യം. ഓഡിറ്റിങ്ങാണ് പ്രാഥമിക ജോലി. സർക്കാർ പദ്ധതികളും സ്ഥാപനങ്ങളുമെല്ലാം ഓഡിറ്റ് ചെയ്യപ്പെടാം. അതിന്റെ ഭാഗമാണ് ഞാനും ഇനി. എന്റെ ബെസ്റ്റ് കൊടുക്കുകയാണ് ലക്ഷ്യം. തെറ്റ് കണ്ടുപിടിക്കുന്ന മെഷീനായല്ല, സംവിധാനം മെച്ചപ്പെടാൻ സംഭാവന നൽകുകയാണ് ലക്ഷ്യം. പഠിച്ചെടുക്കാൻ കുറച്ച് സമയമെടുക്കുമായിരിക്കും’’ – അഖില പറഞ്ഞു. 

അഖിലയുടെ മൂത്ത സഹോദരി ആമിന കുവൈത്തിലാണ്. ഇളയ സഹോദരി ആയിഷ എട്ടാം ക്ലാസ് വിദ്യാർഥി. സഹോദരൻ അബി അലീഫ് എൻ‌ജിനീയറിങ് വിദ്യാർഥി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !