തിരുവനന്തപുരം: സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആര്. അനില്‍കുമാര്‍. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ഫെയറുകളും തുടങ്ങും.
ഉത്രാടം നാളായ സെപ്റ്റംബര്‍ നാലുവരെ, 10 ദിവസമാണ് ചന്തകള്‍ നടത്തുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധമായി ഓണം ഫെയര്‍ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. വിപണിയടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും.
ഇതിലൂടെ, അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്രദേശങ്ങളിലടക്കം എത്തിക്കാനാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. റേഷന്‍ സംവിധാനത്തിലൂടെ വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്പെഷ്യല്‍ അരി 10 രൂപ 90 പൈസയ്ക്ക് ലഭ്യമാക്കും. നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരി ലഭ്യമാക്കും. പിങ്ക് കാര്‍ഡിന് അഞ്ചുകിലോ അരി ലഭ്യമാക്കും. മഞ്ഞ കാര്‍ഡിന് ഒരുകിലോ പഞ്ചസാര ലഭ്യമാക്കും.
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ടുകിലോ അരിയാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത്, ഇതിനുപുറമേ കാര്‍ഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്പെഷ്യലായി അനുവദിക്കും.
ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭിക്കും. സണ്‍ഫ്ളവര്‍ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാന് ഓയില്‍ തുടങ്ങിയ മറ്റ് ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും. സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ, അരലിറ്റര്‍ 179 രൂപ എന്ന നിരക്കില്‍ ലഭ്യമാക്കും. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപ, അരലിറ്റര്‍ 219 രൂപ നിരക്കുകളിലും ലഭ്യമാക്കും.
എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാനപങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ആയിരിക്കും കിറ്റ് വിതരണം. സബ്സിഡി സാധനങ്ങളില്‍ വന്‍പയറിന് 75 രൂപയില്‍നിന്നും 70 രൂപയായും, തുവര പരിപ്പിന് 105 രൂപയില്‍നിന്ന് 93 രൂപയായും വില കുറച്ചു. സബ്സിഡി വഴി ലഭിച്ചിരുന്ന മുളകിന്റെ അളവ് അര കിലോയില്‍നിന്നും ഒരുകിലോ ആയി വര്‍ധിപ്പിച്ചു.
വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട്ലെറ്റുകളില് ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. അര്‍ഹരായ 43,000 കുടുംബങ്ങള്‍ക്ക് കൂടി ഓണത്തിന് മുമ്പ് മുന്‍ഗണനാ കാര്‍ഡ് അനുവദിക്കും. പുതിയ മുന്‍ഗണനാ കാര്‍ഡിനായി സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.