കൊച്ചി : രണ്ടു ദിവസത്തെ സന്ദർശനത്തിനു കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു രാവിലെ ഒൻപതോടെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. അര മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കി കൊച്ചിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നു ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്രദർശനം എന്നിവയ്ക്കാണു നിയന്ത്രണം.
ഉപരാഷ്ട്രപതി രാവിലെ 10.40നു കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളുമായി സംവദിക്കും. 12.35നു കൊച്ചി വിമാനത്താവളത്തിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ കൊച്ചിയിലും ഗുരുവായൂരിലും ഗതാഗത നിയന്ത്രണമുണ്ട്.ഇന്നലെ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങളായ ആഭ വാജ്പേയി, കാർത്തികേയ് വാജ്പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രി പി.രാജീവ്, ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ഡിജിപി റാവാഡ ചന്ദ്രശേഖർ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, റൂറൽ എസ്പി എം.ഹേമലത, സിയാൽ എംഡി എസ്.സുഹാസ്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി. ഇന്നലെ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് ഉപരാഷ്ട്രപതിയും സംഘവും താമസിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.