മുംബൈ: മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തി ബന്ധുക്കൾക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുൻപ് കരഞ്ഞതോടെ കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുകയായിരുന്നു. അംബജോഗൈയിലെ സ്വാമി രാമനാഥതീർഥ ഗവ. ആശുപത്രിയിലാണ് സംഭവം.
ജൂലായ് ഏഴിന് രാത്രിയിലാണ് യുവതി കുഞ്ഞിന് ആശുപത്രിയിൽ ജന്മംനൽകുന്നത്. എന്നാൽ, എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം ഗ്രാമത്തിലേക്കു കൊണ്ടുപോയി.
പിറ്റേന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെടുകയും മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പേൾ കുഞ്ഞ് കരയുകയുമായിരുന്നു. ഉടൻതന്നെ അവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു.
ജനിച്ചശേഷം കുഞ്ഞിൽ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ച ഭ്രൂണവളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നെന്ന് ഡോക്ടർ പറയുന്നു. ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരംമാത്രമാണുണ്ടായിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചെന്ന് കരുതിയതെന്ന് ഡോക്ടർ പറഞ്ഞു. നിലവിൽ സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബം പോലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.