കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയോരത്ത് മറിഞ്ഞ പാചകവാതക ടാങ്കറിൽ ചോർച്ച. പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ള വീട്ടുകാരെ മുഴുവൻ ഒഴിപ്പിച്ചു. മംഗളൂരുവിൽ നിന്നു വിദഗ്ധരെത്തി ചോർച്ച അടയ്ക്കാൻ തുടങ്ങി. പൂർണമായും ചോർച്ച അടച്ചതിനുശേഷം പാചക വാതകം ഒന്നിലേറെ ടാങ്കറുകളിലേക്ക് മാറ്റാനാണ് തീരുമാനം.
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്നു ഖലാസികളെത്തി ക്രെയിൻ ഉപയോഗിച്ച് ലോറിയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമിച്ചപ്പോഴാണ് ചോർച്ച കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ടിഎൻ 28 എജെ 3659 നമ്പർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവെയാണ് നിയന്ത്രണം വിട്ടത്. അപകടത്തിൽ ടാങ്കൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുരേഷിന്റെ കാലിനു പരിക്കേറ്റു. 18 ടൺ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്.ഹൊസ്ദുർഗ് പോലീസും കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയുമുൾപ്പെടെ സ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് നിന്നു നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങളും നീലേശ്വരത്ത് നിന്നു കാഞ്ഞങ്ങാട്ടേക്കുള്ള വാഹനങ്ങളും വഴി തിരിച്ചുവിട്ടു. ദേശീയപാത വികസനത്തിന്റെ നിർമാണം നടക്കുന്നതിനാൽ കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെയും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡിലൂടെയുമാണ് പോകുന്നത്.
പടിഞ്ഞാറുഭാഗത്തുള്ള സർവീസ് റോഡിൽ നിറയെ കുഴികളാണ്. മാത്രമല്ല, ഈ റോഡരികിൽ അഴുക്ക് ചാൽ നിർമാണത്തിന് കുഴിയെടുത്തിരിക്കുകയായാണ്. ഇടുങ്ങിയ റോഡിൽ ഒന്നു തെന്നിയാൽ വാഹനങ്ങൾ ഈ കുഴിയിലേക്കു വീഴും. അപകടമൊഴിവാക്കാൻ കാഞ്ഞങ്ങാട്ടേക്കു വരുന്ന വാഹനങ്ങളിൽ ചിലത് പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലൂടെ കയറും. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്വകാര്യ ബസ് ദിശമാറി കിഴക്കു ഭാഗത്തേക്കു വന്നപ്പോഴാണ് ടാങ്കർ ലോറിയുടെ നിയന്ത്രണം വിട്ടത്. പെട്ടെന്ന് ബ്രേക്കിടേണ്ടിവന്നപ്പോൾ നിയന്ത്രണം വിട്ട ടാങ്കർ തലകീഴായി മറിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.