ജയ്പൂർ: ആദ്യം മോഷണം പോയത് ഫോൺ, പിന്നെ ബൈക്ക്, തൊട്ടുപിന്നാലെ വീട്ടിൽനിന്ന് ട്രാക്ടർ ട്രോളി കൂടി കാണാതായതോടെ ആകെ വിരണ്ടിരിക്കുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ദീൻ ദയാൽ ബൈർവ. ഇതെല്ലാം സംഭവിച്ചത് ഒരു മാസത്തിനിടെ എന്നതാണ് കൗതുകകരം. എന്തിനാണ് മോഷ്ടാക്കൾ കോൺഗ്രസ് എംഎൽഎയെ തന്നെ ലക്ഷ്യമിട്ടതെന്ന ചോദ്യത്തിന് പോലീസിനും മറുപടിയില്ല. ഞായറാഴ്ച രാത്രിയാണ് ദൗസയിലെ വീട്ടിൽനിന്ന് ട്രാക്ടർ ട്രോളി മോഷ്ടാക്കൾ കൊണ്ടുപോവുന്നത്.
'എംഎൽഎയുടെ വീട്ടിൽ മോഷ്ടാക്കൾ ഈ രീതിയിൽ മോഷണം നടത്തുന്നത് ഗൗരവമുള്ള കാര്യമാണ്. ഇത് പോലീസിലുള്ള വിശ്വാസം ഇല്ലാതാക്കുന്നു. ഒരു എംഎൽഎയ്ക്ക് ഇതാണ് സംഭവിക്കുന്നതെങ്കിൽ സാധാരണക്കാരനെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?' ദീൻ ദയാൽ ബൈർവ ചോദിക്കുന്നു.സംഭവങ്ങളുടെ തുടക്കം ജൂൺ 11-നായിരുന്നു, ദൗസയിൽ മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് വീട്ടിൽ നടത്തിയ പ്രാർത്ഥനാ യോഗത്തിൽവെച്ച് ബൈർവയുടെ ഫോൺ മോഷണം പോയി. 'ഇതിനുമുമ്പ് എന്റെ കയ്യിൽനിന്ന് ഒന്നും മോഷണം പോയിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ തുടർച്ചയായി മൂന്ന് മോഷണങ്ങൾ സംഭവിച്ചിരിക്കുന്നു.' ദൗസ എംഎൽഎ പറഞ്ഞു.
താമസിയാതെ, അദ്ദേഹത്തിന്റെ വസതിയിൽനിന്ന് മോട്ടോർസൈക്കിളും മോഷണം പോയി. 'മോട്ടോർ സൈക്കിൾ എടുത്തുകൊണ്ട് പോയപ്പോൾ എന്റെ വീടിന്റെ മുൻപിലത്തെ ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മറ്റൊരു ക്യാമറയിൽ ദൃശ്യം പതിഞ്ഞതുമില്ല.' ബൈർവ പറഞ്ഞു.
'പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്യാമറ പൂർണ്ണമായും മാറ്റിയിരുന്നു. അപ്പോഴാണ് ട്രാക്ടർ ട്രോളി കൊണ്ടുപോയത്. മോഷ്ടാക്കൾക്ക് അവരുടെ മുഖം മറയ്ക്കാൻ കഴിയുന്നതിനാൽ ഒരു ക്യാമറയ്ക്കും അവരെ തടയാൻ കഴിയില്ല.' എംഎൽഎ പറയുന്നു.
'ഇതുവരെ ട്രാക്ടർ-ട്രോളി മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല. മൊബൈൽ ഫോണിന്റെ കാര്യത്തിൽ പരാതി ലഭിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.' ദൗസ പോലീസ് സൂപ്രണ്ട് സാഗർ പറഞ്ഞു. അതേസമയം, രാജസ്ഥാനിലെ ക്രമസമാധാനനില വഷളാവുന്നതു ചൂണ്ടിക്കാട്ടി ബി.ജെ.പി സർക്കാരിനെ വിമർശിക്കുകയാണ് കോൺഗ്രസ്.ദൗസയിൽ നിന്നുള്ള എംഎൽഎയായ ബൈർവ കഴിഞ്ഞ നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വിജയിച്ചത്. മുരളിലാൽ മീണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.