2021 ല്‍ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്ത ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് BYD. വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് കാറുകള്‍ എത്തിക്കുന്നത്. ഇതുവരെ നാല് മോഡലുകളുമായി ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിച്ച് കഴിഞ്ഞിട്ടും കമ്പനിയുടെ ഇന്ത്യന്‍ ടീമിന് ഇതുവരെയും ഇന്ത്യയില്‍ കാലുകുത്താനായിട്ടില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് കമ്പനികളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന നയത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇത് മൂലം അയല്‍രാജ്യങ്ങളിലിരുന്നാണ് ഈ ടീം ഇന്ത്യയിലെ ജോലികള്‍ ഏകോപിപ്പിക്കുന്നത്. ചുരുക്കത്തില്‍ വണ്ടി എത്തിയിട്ടും വണ്ടി ഉടമകള്‍ക്കോ തലവന്മാര്ക്കോ ഇന്ത്യയില്‍ പ്രവേശനം കിട്ടാന്‍ ഇനിയും കാത്തിരിക്കണം.
ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനാല്‍ തന്നെ ബിവൈഡി ഇന്ത്യയുടെ ഉന്നതതല ചര്‍ച്ചകളും ബോര്‍ഡ് മിറ്റിങ്ങുകളും ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെച്ചാണ് നടത്താറുള്ളതെന്നാണ് ബിവൈഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. 100 കോടി ഡോളര്‍ ചെലവിട്ട് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ BYD സമര്‍പ്പിച്ച അപേക്ഷ ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ഇന്ത്യയില്‍ എത്തിയ ബിവൈഡിയുടെ സിലിയോണ്‍ 7, ഇമാക്സ് 7, ആറ്റോ 3, സീല്‍ എന്നീ നാല് മോഡലുകള്‍ക്കും ഉയര്‍ന്ന സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള കമ്പനിയുടെ മേധാവികള്‍ക്ക് ഇന്ത്യയിലേക്ക് എത്തുന്നതിന് പോലും തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിവൈഡിക്ക് പുറമെ, വേറെയും ചൈനീസ് കമ്പനികള്‍ ഈ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിവൈഡി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കെറ്റ്സു ഷാങിന് ഇന്ത്യയിലേക്കുള്ള യാത്ര അനുമതിക്കുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റ് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ബിവൈഡി ഇന്ത്യയുടെ മേധാവിയായ കെറ്റ്സു 2021 മുതല്‍ ചൈനയില്‍ നിന്നാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ വര്‍ഷം അദ്ദേഹം ജപ്പാനിലേക്ക് മാറുകയായിരുന്നു. ബിവൈഡിയുടെ ഇന്ത്യയിലെ ബിസിനസ് ശക്തമാക്കുന്നതിന് സ്വന്തം ടീമിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് കമ്പനി പറയുന്നു.
ഈ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ വിപണിയില്‍ വന്‍ ജനപ്രീതിയാണ് ബിവൈഡിയുടെ വാഹനങ്ങള്‍ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഇതുവരെയുള്ള വില്‍പ്പന 2024-ലെ മൊത്ത വില്‍പ്പനയെ മറികടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് ബിവൈഡിയുടെ മിക്ക വാഹനങ്ങളും ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ളവ കൂടിയാകുമ്പോള്‍ വാഹനങ്ങളുടെ വിലയും കുത്തനെ കൂടുന്ന സാഹചര്യമാണുള്ളത്.
ചൈനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കില്ലെന്നാണ് ഇന്ത്യ ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന നിലപാട്. രാജ്യതാത്പര്യങ്ങള്‍ കണക്കിലെടുത്ത് ബിവൈഡിയുടെ പ്ലാന്റ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ മുമ്പ് പ്രഖ്യാപിച്ചത്. ഏതെങ്കിലും പ്രാദേശിക കമ്പനിയുമായി സഹകരിച്ച് ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള നീക്കങ്ങളായിരുന്നു ബിവൈഡി നടത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.