തിരുവനന്തപുരം : വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല/ സ്റ്റാറ്റ്യൂട്ടറി/സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്നു മുതൽ 3 ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക താഴ്ത്തികെട്ടും. പിഎസ്എസി ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
വിഎസിന്റെ നിര്യാണം പാർട്ടിക്കു നികത്താനാകാത്ത നഷ്ടമെന്നു സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ കാഴ്ചപ്പാടിനൊപ്പം നിലയുറപ്പിക്കുകയും അവയെ വർഗസമര കാഴ്ചപ്പാടുമായി കണ്ണി ചേർക്കുകയും ചെയ്ത കമ്യൂണിസ്റ്റായിരുന്നു വിഎസ്. പാരിസ്ഥിതിക പ്രശ്നങ്ങൾ വർഗസമരത്തിന്റെ ഭാഗമാണെന്നു കണ്ട് അദ്ദേഹം ഇടപെട്ടു. സ്ത്രീസമത്വത്തിന്റെ ആശയങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്തുവെന്നും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.∙ പാർക്കിങ്, ഗതാഗത നിയന്ത്രണം
വി.എസ്. അച്യുതാനന്ദന്റെ മൃതദേഹത്തിന്റെ പൊതുദർശനം, വിലാപയാത്ര എന്നീ കാരണങ്ങളാൽ നഗരത്തിൽ ഇന്ന് രാവിലെ മുതൽ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതവും പ്രധാന റോഡിലും ഇടറോഡുകളിലും പാർക്കിങ്ങും അനുവദിക്കില്ല.
വിലാപയാത്ര കടന്നുപോകുന്ന സെക്രട്ടേറിയറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം,കഴക്കൂട്ടം, വെട്ടു റോഡ് ഭാഗങ്ങളിലും റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. വിലാപയാത്ര കടന്ന് പോകുന്ന പാതയിൽ തിരക്ക് കൂടിയാൽ വാഹനങ്ങൾ വഴി തിരിച്ച് വിടും. പൊതു ദർശനത്തിന് വരുന്നവർ ഹൗസിങ് ബോർഡ് ജംക്‌ഷൻ, പാളയം രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ വാഹനമിറങ്ങി സെക്രട്ടേറിയറ്റ് ദർബാർ ഹാളിലേക്ക് പോകണം. ഫോൺ: 04712558731, 94979 30055
പാർക്കിങ് ഇങ്ങനെ
∙ ചെറിയ വാഹനങ്ങളുടെ പാർക്കിങ് യൂണിവേഴ്സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, വഴുതക്കാട് ടഗോർ തിയറ്റർ ഗ്രൗണ്ട്, തൈക്കാട് പൊലീസ് ട്രെയ്‌നിങ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ്.,
∙ വലിയ വാഹനങ്ങളുടെ പാർക്കിങ് ആറ്റുകാൽ ക്ഷേത്രഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.