ശ്രീനഗർ : പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മനോജ് സിൻഹയുടെ പരാമർശം. പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘‘സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതൊരു സുരക്ഷാ വീഴ്ചയായിരുന്നു എന്ന് നിസംശയം പറയാം. ഭീകരവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതാണ് ഇവിടത്തെ പൊതു വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്. അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാനുള്ള സൗകര്യമോ സ്ഥലമോ ഇല്ല. പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. കേസിൽ എൻഐഎ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നു. പക്ഷേ ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണ്. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്താനായി മനഃപൂർവമുള്ള പ്രഹരമായിരുന്നു’’ – മനോജ് സിൻഹ പറഞ്ഞു.‘‘വർഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ജമ്മു കശ്മീരിൽ സമാധാനം ഉണ്ടാകണമെന്ന് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. വിനോദസഞ്ചാരികൾ ഇങ്ങോട്ടേക്ക് ഒഴുകിയെത്തുകയാണ്. കശ്മീരിന്റെ സാമ്പത്തിക മേഖലയ്ക്ക് പാക്കിസ്ഥാൻ നടത്തിയ ഈ ആക്രമണം തിരിച്ചടിയായിരുന്നു. തീവ്രവാദം ഇനി ഇവിടെ സ്വീകാര്യമല്ല എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ജമ്മു കശ്മീരിലെ ജനങ്ങൾ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾ. ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ല’’ – മനോജ് സിൻഹ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.