ന്യൂഡല്‍ഹി: 2027ല്‍ താന്‍ വിരമിക്കുമെന്നാണ് 12 ദിവസങ്ങള്‍ക്ക് മുമ്പ് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞത്. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിച്ച ധന്‍കര്‍ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ആരോഗ്യ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് ധന്‍കര്‍ വിശദീകരിക്കുന്നതെങ്കിലും അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.
സഭാധ്യക്ഷനെന്ന നിലയില്‍ ഭരണപക്ഷത്തിന് അനുകൂലമായി രാജ്യസഭാ നടപടികളെ കൊണ്ടുപോകുന്നുവെന്ന് പ്രതിപക്ഷം നിരന്തരം ആക്രമിച്ചിരുന്നയാളാണ് ഉപരാഷ്ട്രപതി. ഒരുതവണ അദ്ദേഹത്തിനെതിരെ ഇംപീച്ചമെന്റ് പ്രമേയം വരെ സഭയില്‍ കൊണ്ടുവന്നെങ്കിലും ധന്‍കറിന്റെ അപ്രതീക്ഷിത രാജിയുടെ നടുക്കം പ്രതിപക്ഷത്തെ വിട്ടുമാറിയിട്ടില്ല. ധന്‍കര്‍ രാജിവെച്ചെന്ന് പ്രഖ്യാപിച്ച് ഏറെ വൈകിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നതെന്നതാണ് ശ്രദ്ധേയം. മാത്രമല്ല കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തിൽ ഏറെനേരെ നിശബ്ദരായിരുന്നുന്നുവെന്നതും ശ്രദ്ധേയമാണ്. ധന്‍കറിന്റെ രാജി ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. നിരവധി അഭ്യൂഹങ്ങളാണ് ധന്‍കറിന്റെ രാജിയുമായി ബന്ധപ്പെട്ട് പരക്കുന്നത്.ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് അണിയറയിൽ അഭ്യൂഹങ്ങൾ ഏറെയും. ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രതി സ്ഥാനത്തേക്കു കൊണ്ടുവന്നാൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യത്തിലേക്ക് ബിജെപി എത്തും. നിതീഷിനെ ഉപരാഷ്ട്രപതിയാക്കിയാൽ, ബിഹാർ തിരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാവും. ഇപ്പോഴും സീറ്റിന്റെ കാര്യത്തിൽ ബിജെപിയാണ് മുന്നിലെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിതീഷിന് കൊടുക്കുകയായിരുന്നു.
ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയിച്ച് ബിഹാറിൽ പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവരികയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. കാരണമില്ലാതെ നിതീഷിനെ മാറ്റിയാൽ ഉണ്ടാവുന്ന തിരിച്ചടി മറികടക്കാനാണ് ഉപരാഷ്ട്രപതി സ്ഥാനം നൽകി അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റുന്നകാര്യം പരിഗണിക്കുന്നത്.
എന്നാല്‍, ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളില്‍ നിന്ന് നേരിട്ട അവഗണനയില്‍ മനംനൊന്താണ് ധന്‍കര്‍ രാജിവച്ചതെന്നും പറഞ്ഞുകേള്‍ക്കുന്നു. 68 പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് നല്‍കിയിരുന്നു. താനത് അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ ഭരണപക്ഷം ലോക്‌സഭയില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ തുടങ്ങുകയായിരുന്നു. ഈ സമയത്താണ് പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ ഉപരാഷ്ട്രപതി തിടുക്കത്തില്‍ നടപടിയെടുത്തത്. അത് കേന്ദ്രസര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല എന്നാണ് അഭ്യൂഹങ്ങള്‍.
ഇത് സാധൂകരിക്കുന്ന വിധത്തില്‍ രാജ്യസഭാ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ ധന്‍കര്‍ വിളിച്ചുചേര്‍ത്ത ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തില്‍ ബിജെപി രാജ്യസഭാ കക്ഷി നേതാവ് ജെപി നദ്ദ പങ്കെടുത്തിരുന്നില്ല. മാത്രമല്ല പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും യോഗത്തിനെത്തിയില്ല. ഇത് രാജ്യസഭാ ചെയര്‍മാനെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മുമ്പ് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ധന്‍കറിനെതിരെ വിരല്‍ ചൂണ്ടി നദ്ദ സംസാരിച്ചതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
അതേസമയം, ജുഡീഷ്യറിയുമായി നിരന്തരം ഏറ്റുമുട്ടുന്ന ധന്‍കറിന്റെ ചില പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അലോസരമുണ്ടാക്കിയിരുന്നുവെന്നാണ് മറ്റൊരു അഭ്യൂഹം. ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഉപരാഷ്ട്രപതിയായതു മുതല്‍ പലതവണ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ പ്രധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയന്റ്മെന്റ് കമ്മീഷന്‍ ആക്ട് സുപ്രീംകോടതി റദ്ദാക്കിയതിനെതിരെ ആണ്. ജുഡീഷ്യറി അതിരുകടക്കുന്നുവെന്നാണ് അന്ന് ധന്‍കര്‍ പറഞ്ഞത്. ഇതുള്‍പ്പടെ അടുത്തിടെയും അദ്ദേഹം ജുഡീഷ്യറിക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ രീതിയോട് കേന്ദ്രത്തിന് താത്പര്യമില്ലായിരുന്നുവെന്നാണ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.