തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന് വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍മോചനത്തിനുള്ള നടപടികള്‍ തീര്‍ത്തു. ഷെറിന് അടക്കം 11 പേർക്ക് സംസ്ഥാനത്ത് ശിക്ഷായിളവ് നല്കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജയിൽമോചനം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മന്ത്രിസഭാ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഷെറിന് ശിക്ഷായിളവ് നല്കി വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും വലിയ ചര്‍ച്ചയായിരുന്നു.ശിക്ഷായിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീണ്ടതോടെ ഷെറിന് സര്‍ക്കാര്‍ പരോളനുവദിച്ചിരുന്നു.
ശിക്ഷായിളവ് ശുപാർശയ്ക്കു പിന്നാലെ സര്‍ക്കാരിലെ ഉന്നതതല ഇടപെടലിലൂടെയാണ് പരോൾ ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയുണ്ടായി. 14 വര്‍ഷത്തെ ശിക്ഷാകാലയളവില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിയമതടസ്സമുണ്ടെങ്കിലും ഷെറിന് ആദ്യം 30 ദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് കൂടുതലായി 30 ദിവസവും പരോള്‍ ലഭിച്ചിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷായിളവ് ശുപാര്‍ശ എന്നായിരുന്നു ജയില്‍ ഉപദേശകസമിതിയുടെ നിലപാട്. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു.
2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവരെ(66) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാം പ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.
ഭാസ്കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാം പ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്.
രണ്ടുമുതല്‍ നാലുവരെ പ്രതികളായ ബാസിത് അലി, നിഥിന്, ഷാനു റഷീദ് എന്നിവര്‍ക്ക് രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ് പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ഭാസ്കര കാരണവരുടെ ഇളയമകനായ ബിനു പീറ്റര്‍ കാരണവരുടെ ഭാര്യയാണ് ഷെറിന്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കന്‍ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഷെറിന്റെ കുടുംബത്തിന് സാമ്പത്തിക പരാധീനതകളില്നിന്നുള്ള മോചനംകൂടിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.