കുവൈത്ത് സിറ്റി: വേനൽക്കാലമായതോടെ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർ ഏറ്റവും കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ജലാശയങ്ങളാണ്. അവിടെയെത്തി ഒന്ന് മുങ്ങിക്കുളിച്ചാൽ വലിയ ഒരു ആശ്വാസമാകും ലഭിക്കുക. ഇങ്ങനെ മുങ്ങിക്കുളിക്കാൻ എത്തിയ പലരും ബീച്ചിലും തടാകത്തിലുമൊക്കെ സ്രാവുകളെ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. സ്രാവുകൾ അക്രമിക്കുമോ എന്നാണ് ജനങ്ങളുടെ പേടി. എന്നാൽ കുവൈത്ത് തീരത്ത് ഇപ്പോൾ കണ്ടു വരുന്ന സ്രാവുകൾ അത്ര പ്രശ്‍നക്കാരല്ല എന്നാണ് അധികൃതർ പറയുന്നത്.
കുവൈത്ത് തീരത്ത് വേനൽക്കാലമാകുമ്പോൾ സ്രാവുകളുടെ സാന്നിധ്യം വർധിക്കുന്നത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് കുവൈത്ത് ഡൈവിങ് ടീം പറയുന്നത്. സ്രാവുകൾ ചൂടുവെള്ളത്തിലേക്ക് ആകർഷിക്കപ്പെടുന്നതാണ് കാരണം. വേനൽക്കാലമാകുമ്പോൾ കരയോട് ചേർന്ന് സ്രാവുകളെ കാണാൻ സാധ്യതയുണ്ട്. അതിൽ പേടിക്കേണ്ട കാര്യമില്ലെന്നും അവയെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും സ്രാവുകൾ കൂടുതലായി കാണപ്പെടുന്ന ചെളി നിറഞ്ഞ കടൽത്തീരങ്ങളിൽ ഇറങ്ങരുതെന്നും കുവൈത്ത് ഡൈവിങ് ടീം അധികൃതർ പറഞ്ഞു.
400 ലധികം സ്രാവ് ഇനങ്ങളാണ് ലോകത്തെമ്പാടുമുള്ളത്. ഇതിൽ മനുഷ്യർക്ക് ഭീഷണിയാകുന്നത് ‘ഗ്രേറ്റ് വൈറ്റ് ഷാർക്ക്’ എന്ന വിഭാഗത്തിൽപ്പെടുന്ന സ്രാവുകളാണ്. കുവൈത്തിലെ കടലിലും തടാകത്തിലും കാണപ്പെടുന്ന മിക്ക സ്രാവുകളും അപകടകാരികൾ അല്ല. സ്രാവുകളെ സിനിമകളിലും കഥകളിലും ഭീകരമായി ചിത്രീകരിക്കുന്നതിനാലാണ് ആളുകൾക്കു ഇത്ര ഭയമെന്നും ഡൈവിങ് ടീം അധികൃതർ പറയുന്നു.
സ്രാവുകൾക്കോ മറ്റു സമുദ്ര ജീവികൾക്കോ ഭക്ഷണം നൽകരുത്. അത് സ്രാവുകളുടെ സ്വാഭാവിക ഇര തേടൽ സ്വഭാവം നശിപ്പിക്കും. രോഗികളായതോ പരിക്കേറ്റതോ ആയ മത്സ്യങ്ങളെ ഭക്ഷിച്ചുകൊണ്ട് സ്രാവുകൾ സമുദ്ര പരിസ്ഥിതിയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ വലിയ പങ്കാണ് വഹിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.