കാസര്‍കോട്: പഠനത്തോടൊപ്പം ജോലി. പണ്ടേ പറഞ്ഞുകേള്‍ക്കുന്നതാണെങ്കിലും മാറിയകാലത്ത് അതിനൊത്ത അഭിരുചികള്‍ നേടുന്നുണ്ട് വിദ്യാര്‍ഥികള്‍. റോബോട്ടിക്സിനോടും ആപ്ലിക്കേഷനുകളോടുമുള്ള താത്പര്യം ഗൗരവമായെടുത്ത് പഠനത്തോടൊപ്പം വരുമാനവുമുണ്ടാക്കുന്ന ഒരു മിടുക്കനുണ്ട് കാസര്‍കോട്ട്. ജിവിഎച്ച്എസ്എസ് ഇരിയണ്ണിയിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രീനന്ദ് കരിച്ചേരി. രണ്ട് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകന്‍. യുകെ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ക്ലയന്റുകളുമായി നേരിട്ട് ഇടപെട്ട് പഠനത്തോടൊപ്പം ഇഷ്ടമേഖലയിലേക്ക് ചേക്കേറുകയാണ് ശ്രീനന്ദ്. ഒപ്പം റോബോട്ടിക്സ് വിഷയത്തില്‍ അധ്യാപകന്റെ റോളിലും തിളങ്ങുന്നു. ഇതിനകം രണ്ട് ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ശ്രീനന്ദ് തുടക്കമിട്ടത്. കോഡ് കേവ് (coad cave), മൈവാര്‍ഡ്.ആപ്പ് (myward.app) എന്നീ സംരംഭങ്ങളാണ് ശ്രീനന്ദിന്റെ നേതൃത്വത്തിലുള്ളത്.
മൂന്ന് കൂട്ടുകാരെയും കൂടെക്കൂട്ടിയിട്ടുണ്ട്. വെബ്ഡിസൈനിങ്, ആപ്പ് ഡിവലപ്മെന്റ്, റോബോട്ടിക്സ്, എഐ, ഇലക്ട്രോണിക്സ്, എന്‍ജിനിയറിങ് പ്രോജക്ട്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന സ്റ്റാര്‍ട്ടപ്പാണ് കോഡ് കേവ്. വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ക്കായി 500-ലധികം സേവനങ്ങള്‍ കോഡ് കേവിലൂടെ നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ മിലിട്ടറിയുടെ രണ്ട് പ്രോജക്ടുകളും കോഡ് കേവിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തുകളെയും വാര്‍ഡുകളെയും കൂട്ടിയിണക്കി വിവരങ്ങള്‍ ഉപയോക്താക്കള്‍ക്കെത്തിക്കുന്ന ആപ്ലിക്കേഷനാണ് മൈവാര്‍ഡ്.ഇന്‍. പ്രാദേശിക വാര്‍ത്തകള്‍, അറിയിപ്പുകള്, തൊഴിലവസരങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ലഭിക്കും.
റോബോട്ടിക്സാണ് ഇഷ്ടമേഖലയെന്ന് ശ്രീനന്ദ് പറയുന്നു. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ യൂട്യൂബ് നോക്കിയാണ് പഠിച്ചുതുടങ്ങിയത്. ഇതിനകം നിരവധി പ്രോജക്ടുകള്‍ തയ്യാറാക്കി. സംസ്ഥാന ശാസ്ത്രമേളയില്‍ അഗ്നിരക്ഷയ്ക്കുപയോഗിക്കുന്ന പൈറോകാം റോബോട്ടിനെ നിര്‍മിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. കീടനാശിനികള്‍ തളിക്കുന്നതിനുള്ള ക്യൂട്ടിബോട്ട് റോബോട്ട് നിര്‍മിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്പില് അവതരിപ്പിക്കാനും സാധിച്ചു.മണ്ണിനടിയില്‍ മനുഷ്യര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കുന്ന റോബോട്ടിന്റെ മാതൃക 'അണ്ടര്‍ഗാര്‍ഡ്' എന്ന പേരില്‍ നിര്‍മിച്ചു. അതും സംസ്ഥാന ശാസ്ത്രമേളയില്‍ അവതരിപ്പിച്ചു.
വീട്ടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന 'ബി കോര്‍' എന്ന സെമി ഓട്ടോമേറ്റഡ് റോബോട്ടും നിര്‍മിച്ചു. റോബോട്ടിക്സിലെ പഠനമികവ് അധ്യാപകന് എന്ന നിലയിലേക്കും ശ്രീനന്ദിനെ മാറ്റി. ലിറ്റില്‍കൈറ്റ്സ് ഉള്‍പ്പെടെ റോബോട്ടിക്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതോടെ കുട്ടികള്‍ക്ക് അതില്‍മാത്രമായി ക്ലാസ് നല്‍കുന്നുണ്ട്. ഇതിനകം 51 ക്ലാസുകളെടുത്തു.കുറ്റിക്കോല്‍ പ്ലാവുള്ളക്കയയിലെ നന്ദൂസില്‍ പ്രവാസിയായ എം. ഗോപാലകൃഷ്ണന്റെയും കെ. വത്സലയുടെയും രണ്ടാമത്തെ മകനാണ് ശ്രീനന്ദ്. പത്താംതരം ജിഎച്ച്എസ് കുറ്റിക്കോലിലായിരുന്നു പഠനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.