തിരുപ്പൂർ: നവവധുവിനെ കാറിനകത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ. അവിനാശി കൈകാട്ടിപുത്തൂർ സ്വദേശികളായ ഇ. കവിൻകുമാർ (27), അച്ഛൻ ഈശ്വരമൂർത്തി (51), അമ്മ ചിത്രാദേവി (47) എന്നിവരെയാണ് സേവൂർ പോലീസ് അറസ്റ്റുചെയ്തത്.
ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്. കഴിഞ്ഞദിവസമാണ് തിരുപ്പൂരിനടുത്ത് ചെട്ടിപുത്തൂരിൽ കാറിനുള്ളിൽ കവിൻകുമാറിന്റെ ഭാര്യ റിതന്യയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. വിവാഹം കഴിഞ്ഞ് 78-ാം നാളിലാണ് മരണം. ജീവിതം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് റിതന്യ മാതാപിതാക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നെന്നും ഭർത്താവിന്റെയും മാതാപിതാക്കളുടെയും മാനസികപീഡനമാണ് കാരണമെന്നും പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിവാഹസമയത്ത് 300 പവൻ ആഭരണങ്ങളും വിലകൂടിയ കാറും സ്ത്രീധനമായി കൊടുത്തിരുന്നെന്ന് റിതന്യയുടെ ബന്ധുക്കൾ പറയുന്നു.
വാഗ്ദാനം ചെയ്ത 500 പവനിൽ ബാക്കിയുള്ള 200 പവൻ കൊടുക്കാത്തതിനാലാണ് പീഡനം നേരിടേണ്ടിവരുന്നതെന്ന രീതിയിലുള്ള സന്ദേശങ്ങളും റിതന്യ മാതാപിതാക്കൾക്ക് അയച്ചിരുന്നതായി പോലീസ് പറഞ്ഞു.
സബ്ഡിവിഷണൽ മജിസ്ട്രേറ്റ്കൂടിയായ തിരുപ്പൂർ ആർഡിഒ മോഹനസുന്ദരം മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി. റിതന്യയുടെ മാതാപിതാക്കളുടെയും കവിൻ, അയാളുടെ മാതാപിതാക്കൾ എന്നിവരുടെയും മൊഴികളും ആർഡിഒ രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.