കോട്ടയം: സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കാന് ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്ഥാപിച്ച അമീലിയ ഡൊറോത്തിയാ ബേക്കറിന്റെ കൊച്ചുമകള്‍ മേരി ബേക്കറിന്റെ സ്മരണയ്ക്കായി സ്കൂളില്‍ ഒരിടം. സില്‍വര്‍ ജൂബിലി സ്മാരക മേരി ബേക്കര്‍ ബ്ളോക്കിന്റെ പണി പൂര്‍ത്തിയായി.
കേരളത്തില്‍ അക്ഷരാഭ്യാസം സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്ന 1819-ലാണ് റവ. ഹെന്‍ട്രി ബേക്കര്‍ ഭാര്യ അമീലിയ ഡൊറോത്തിയാ ബേക്കറുമായി കോട്ടയത്ത് എത്തിയത്. അന്ന് അമീലിയ ആറ് പെണ്‍കുട്ടികളുമായി, ബേക്കര്‍ സായിപ്പിന്റെ ബംഗ്ലാവില്‍ സ്കൂള്‍ ആരംഭിച്ചു. 206 വര്‍ഷമായ ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം.
ആ കാലഘട്ടത്തില്‍ 10-12 വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതുകൊണ്ട് പള്ളിക്കൂടത്തില്‍ കുട്ടികള്‍ കുറവായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ 42 വിദ്യാര്‍ഥിനികള്‍ പഠിക്കാനെത്തി.1888-ല്‍ അമീലിയ ഡൊറോത്തിയാ ബേക്കറിന്റെ മരണശേഷം മരുമകള്‍ ഫ്രാന്‍സസ് ആന്‍ ബേക്കര്‍, അവരുടെ പെണ്മക്കളായ മേരി, ആനി, ഇസബേല്‍ എന്നിവര്‍ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.മേരി പ്രഥമാധ്യാപികയായി. ബേക്കര്‍ കുടുംബത്തിലെ മൂന്ന് തലമുറകളിലെ വനിതാ മിഷനറിമാരോടുള്ള ആദരസൂചകമായി ഈ സ്ഥാപനത്തിന് 'ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍' എന്ന് നാമകരണം ചെയ്തു. ഇതിലെ മേരിയുടെ പേരിലാണ് ഇപ്പോള്‍ ഒരു ബ്ലോക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ബ്ളോക്കിന്റെ കൂദാശയും ബേക്കര്‍ ചരിത്രസ്മരണിക പ്രകാശനവും സിഎസ്െഎ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന് നിര്‍വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു.റവ. ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. റെയ്ച്ചല്‍ നിസി നൈനാന്, പ്രൊഫ. സി.എ. എബ്രഹാം, സിന്‍സി പാറയില്‍, ജയമോള്‍ ജോസസ്, റവ. ജിജി ജോണ്‍ ജേക്കബ്, ജോര്‍ജ് വര്‍ഗീസ്, ഷിബു തോമസ്, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.